ഉയരാം ഉത്സാഹത്തോടെ: വിജയ ശതമാനം നൂറിലെത്തിക്കാൻ ജില്ലാ പഞ്ചായത്ത് 


കണ്ണൂർ: ജില്ലയിലെ എസ് എസ് എൽ സി വിജയ ശതമാനം 99.77 ശതമാനത്തിൽനിന്ന് നൂറിൽ എത്തിക്കാനുള്ള ഉദ്യമവുമായി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ് എസ് കെ, ഡയറ്റ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ തുടങ്ങി എല്ലാ വിദ്യാഭ്യാസ വകുപ്പുകളും ചേർന്നാണ് ഈ വർഷം ഉപരിപഠന യോഗ്യത നേടാത്ത വിദ്യാർഥികളെക്കൂടി വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും പി ടി എ പ്രസിഡണ്ടുമാരുടെയും യോഗത്തിലാണ് തീരുമാനം.ആദ്യ പടിയായി അടുത്ത ദിവസം തന്നെ ഈ കുട്ടികൾക്ക് വിനോദയാത്രയും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. സേ പരീക്ഷക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഓൺലൈൻ ക്ലാസുകളും ആഴ്ചയിൽ ഒരു ദിവസം കണ്ണൂരിൽ ഓഫ് ലൈൻ ക്ലാസുകളും നടത്തും. ജില്ലയിൽ 82 കുട്ടികൾക്കാണ് എസ് എസ് എൽ സി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാൻ കഴിയാതെ പോയത്. ഈ 82 കുട്ടികളെയും ഓരോ അധ്യാപകർക്ക് ചുമതല നൽകിയാണ് പഠിപ്പിക്കുക. ഇതിൽ ആറളം ഫാമിൽ നിന്നുള്ള ആറ് കുട്ടികൾക്ക് ഇരിട്ടി കല്ലുമുട്ടി എസ്എസ്‌കെ ഹോസ്റ്റലിൽ താമസിപ്പിച്ച് പരിശീലനം നൽകും.സ്‌കൂളികളിൽ ഈ വർഷം നടത്തേണ്ട അറ്റകുറ്റപ്പണികൾ യോഗം ചർച്ച ചെയ്തു. സ്‌കൂളുകളിൽ അധ്യാപകരും വിദ്യാർഥികളും ഒരേ ശൗചാലയങ്ങൾ ഉപയോഗിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർദേശിച്ചു. 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലെ എല്ലാ മേഖലകളിലും ഊന്നൽ നൽകി സമഗ്ര വിദ്യാഭ്യാസ പദ്ധതി ഈ വർഷം കൊണ്ടുവരാനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലൈവ് സ്‌കിൽ പ്രോഗ്രാമുകളും നടത്തും. കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാനും എഴുത്ത്- വായന ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. സ്‌കൂൾ ഉച്ചഭക്ഷണം മെച്ചപ്പെടുത്താനും പുതിയ വിഭവങ്ങൾ ഉൾപ്പെടുത്താനും പി ടി എയുടെ സഹകരണത്തോടെ സ്‌പോൺസർമാരെ കണ്ടെത്താമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, അഡ്വ. ടി സരള, ഹയർ സെക്കൻഡറി ഉപഡയറക്ടർ പി വി പ്രസീത, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ കെ ബിന്ദു, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ വിനോദ്കുമാർ, സമഗ്രശിക്ഷാ കേരള ജില്ലാ കോ ഓർഡിനേറ്റർ ഇ സി വിനോദ്കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ്ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, അധ്യാപകർ, പി ടി എ പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: