ട്രോളിങ് ലംഘിച്ച് മത്സ്യ ബന്ധനം : ആയിക്കരയിൽ വിൽപ്പനയ്ക്കായി വെച്ച അയല കുഞ്ഞുങ്ങളെ പിടികൂടി

കണ്ണൂർ സിറ്റി :ആയിക്കര ഹാർബറിൽ  ഫിഷറീസ്‌ വകുപ്പ്‌ നടത്തിയ പരിശോധനയിൽ വിൽപ്പനയ്‌ക്ക്‌ വച്ച ചെറിയ മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടി. 50 കിലോ അയലക്കുഞ്ഞുങ്ങൾ വീതമുള്ള മുപ്പത്‌ പെട്ടികളാണ്‌ പിടികൂടിയത്‌. കഴിഞ്ഞ ദിവസം രാവിലെ  ഫിഷറീസ്‌ അസി. ഡയറക്ടർ ആർ ജുഗ്‌നുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തിയത്‌. 

മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ കേരളത്തിലെ തീരങ്ങളിൽ ഇപ്പോൾ ട്രോളിങ്‌ നിരോധനമാണ്‌. ഓരോ വർഷവും മത്സ്യക്ഷാമം ഗുരുതരമാവുന്ന സാഹചര്യത്തിൽ പ്രായമെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത്‌ ശിക്ഷാർഹമാണ്‌.  പിടിക്കുമ്പോൾ മത്സ്യത്തിനുണ്ടാകേണ്ട  കുറഞ്ഞ വലിപ്പം (മിനിമം ലീഗൽ സൈസ്‌) ഫിഷറീസ്‌വകുപ്പ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 

58 ഇനം മത്സ്യങ്ങളാണ്‌ ഈ പട്ടികയിലുള്ളത്‌. 
14 സെന്റീമീറ്ററിൽ  താഴെയുള്ള അയലക്കുഞ്ഞുങ്ങളെ പിടിക്കാൻ പാടില്ല. ആയിക്കരയിൽ പിടികൂടിയത്‌ ഏഴു സെന്റീമീറ്ററോളം വരുന്ന അയലക്കുഞ്ഞുങ്ങളെയാണ്‌. തീരെ ചെറിയ മത്സ്യങ്ങളായതിനാൽ  ലേലം നടത്തി  വിൽക്കാനാവില്ല.  മുപ്പത്‌ പെട്ടികളിലെയും മത്സ്യങ്ങളെ  ഫിഷറീസ്‌ വകുപ്പ്‌ അധികൃതർ കടലിൽ നിക്ഷേപിച്ചു. 

തീരെ ചെറിയ മത്സ്യങ്ങളെ പിടിക്കുന്ന വള്ളങ്ങൾക്കെതിരെ  നടപടി കർശനമാക്കി. പിഴ ഈടാക്കുന്നതിനു പകരം വള്ളങ്ങളുടെ രജിസ്‌ട്രേഷനും ലൈസൻസും ഉൾപ്പെടെ റദ്ദാക്കാനാണ്‌ നിർദേശം. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന്‌ ഫിഷറീസ്‌ അസി. ഡയറക്ടർ ആർ ജുഗ്‌നു പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: