കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് കവർച്ച : വീരാജ്‌പേട്ടയിൽ 8 മലയാളികൾ അറസ്റ്റിൽ

ഇരിട്ടി: കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് മലയാളികളായ കാർ യാത്രികരെ കൊള്ളയടിച്ച സംഭവത്തിൽ 8 പേരെ വീരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തു. ബംഗളരുവില്‍ നിന്നും പാനൂരിലേക്ക് വരികയായിരുന്ന കാര്‍ യാത്രികരെ തടഞ്ഞുനിർത്തി കാറിൽ ഉണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപ കവർന്ന് ഇവർ കടന്നു കളയുകയായിരുന്നു എന്നതാണ് കേസ്. തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ് (27), എസ്. ഷെറിന്‍ലാല്‍ (30), ജി. അര്‍ജുന്‍ (32), തിരുവങ്ങാട് സ്വദേശി ഇ.സി. ലനേഷ് (40), ചമ്പാട് സ്വദേശി കെ.കെ. അക്ഷയ് (27), മാനന്തവാടി തായലങ്ങാടി സ്വദേശികളായ എം. ജംഷീര്‍ (29), സി.ജെ. ജിജോ (31) പന്യന്നൂര്‍ സ്വദേശി സി.കെ. ആകാശ് (27) എന്നിവരെയാണ് വീരാജ്പേട്ട ഡി വൈ എസ് പി യും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ യോടെയായായിരുന്നു സംഭവം. പാനൂര്‍ സ്വദേശി ഷബിന്‍, സഹോദരൻ ജിതിൻ, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഇർഷാദ്, മുർഷിദ് എന്നിവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയാണ് പണം മോഷ്ടിച്ചത്. ബംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി മടിവാളയില്‍ മുറി നോക്കാന്‍ പോയി തിരിച്ചു വരവേ ആയിരുന്നു കവർച്ച. ഗോണിക്കുപ്പയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ പ്രതികൾ സഞ്ചരിച്ച ഇന്നോവ കാര്‍ വന്ന് ഉരസുകയും ആള്‍ട്ടോകാറാണ് ഇന്നോവയില്‍ തട്ടിയതെന്ന് പറഞ്ഞ് പ്രശ്നം സൃഷ്ടിക്കുകയുമായിരുന്നു. ഇന്നോവയില്‍ ഉള്ള നാല് പേരും, പിന്നാലെ മറ്റൊരു കാറിലെത്തിയ നാല് പേരും ചേര്‍ന്ന് കാര്‍ ഓടിച്ച ഷബിന്‍ അടക്കമുള്ള നാലുപേരെയും പുറത്തേക്ക് വലിച്ചിറക്കി. കാർ അമിത വേഗതയിലാണെന്നും ഇതിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞ് കാർ പരിശോധിക്കുകയും ഡാഷ് ബോർഡിൽ സൂക്ഷിച്ച പണവുമായി കടന്നു കളയുകയുമായിരുന്നു.
കവര്‍ച്ച ചെയ്യപ്പെട്ടവര്‍ സഞ്ചരിച്ചതും, പ്രതികള്‍ സഞ്ചരിച്ചതും വാടകക്കെടുത്ത വാഹനങ്ങളിലാണ്. പ്രതികളില്‍ ചിലര്‍ മുമ്പും മോഷണം, അക്രമകേസുകളില്‍ പ്രതിയാണെന്നും അതുകൊണ്ട് കേരളപോലീസുമായി ബന്ധപെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വീരാജ് പേട്ട ഡി വൈ എസ പി നിരഞ്ചന്‍ രാജരസ് പറഞ്ഞു. ഡി വൈ എസ് പി ക്ക് പുറമെ ഗോണിക്കുപ്പ പോലീസ് ഇൻസ്‌പെക്ടർ ഗോവിന്ദരാജ്, എസ്‌ ഐ സുബെയ്യ, എഎസ്‌ഐ സുബ്രമണ്യന്‍, പോലീസ് കോണ്‍സ്റ്റബിള്‍മാരായ മണികണഠന്‍, മജീദ്, മുഹമ്മദലി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതിനാല്‍ പ്രതികളുടെ ഫോട്ടോ അന്വേഷണ സംഘം പുറത്ത് വിട്ടില്ല. പ്രതികൾ സഞ്ചരിച്ച കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: