മലയാള സിനിമാ സംവിധായകന്‍ സച്ചി അന്തരിച്ചു.

സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദൻ) അന്തരിച്ചു. സർജറിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സർജറികൾ നടത്തിയിരുന്നു. ആദ്യ സർജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സർജറി ചെയ്യാൻ വേണ്ടി അദ്ദേഹത്തിന്  അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വേറൊരു ആശുപത്രിയിൽ വെച്ചുളള സർജറിക്കിടെയാണ് സച്ചിക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇതിന് ശേഷമാണ് തൃശൂർ ജൂബിലിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നത്. തലച്ചോറിന്റെ പ്രവർത്തനവും രണ്ടുദിവസമായി കുഴപ്പത്തിലായിരുന്നു.

തുടരെ രണ്ട് ഹിറ്റുകളാണ് സച്ചി മലയാള സിനിമയ്ക്ക് നൽകിയത്. പൃഥ്വിരാജും ബിജുമേനോനും തകർത്ത് അഭിനയിച്ച അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകൻ സച്ചിയായിരുന്നു. ഇതിന്റെ തിരക്കഥയും സച്ചിയുടേതാണ്. അയ്യപ്പനും കോശിയും ബോക്സ് ഓഫിസ് ഹിറ്റായതിനെ തുടർന്ന് നിരവധി ഭാഷകളിലേക്ക് ചിത്രീകരിക്കാൻ ഒരുങ്ങുകയാണ്. ലാൽ ജൂനിയർ സംവിധാനം ചെയ്ത പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് ചിത്രമായ ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിന്റെ തിരക്കഥയും സച്ചിയുടേതാണ്. അടുത്തടുത്താണ് രണ്ട് ചിത്രങ്ങളും തിയറ്ററിൽ എത്തിയതും വിജയിച്ചതും. 

ചോക്ലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി എത്തിയ അദ്ദേഹം  ‘റൺ ബേബി റൺ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രമായി  തിരക്കഥ എഴുതി തുടങ്ങിയത്. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ തിരക്കഥ എഴുതി സംവിധാനം ചെയ്തു. റോബിൻഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ്, രാംലീല, ഷെർലക് ടോംസ് എന്നീ ചിത്രങ്ങളുടെയും തിരക്കഥാകൃത്താണ് സച്ചി.

കെ ആർ സച്ചിദാനന്ദൻ എന്നാണ് സച്ചിയുടെ മുഴുവൻ പേര്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് സച്ചി ജനിച്ച് വളർന്നത്. കോളേജ് പഠനകാലത്ത് കോളേജ് ഫിലിം സൊസൈറ്റിയിലും നാടകത്തിലും സച്ചി സജീവമായിരുന്നു. നിരവധി നാടകങ്ങളുടെ  സംവിധാനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: