ക്വട്ടേഷന്‍ സംഘങ്ങളെ അടക്കി നിര്‍ത്താനൊരുങ്ങി സിപിഎം

കണ്ണൂര്‍ : പാര്‍ട്ടിയ്ക്ക് ദോഷകരമാവുന്ന തരത്തില്‍ വളര്‍ന്നു വരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ അടക്കിനിര്‍ത്താനൊരുങ്ങി സിപിഎം. പാര്‍ട്ടി കേസില്‍ പ്രതികളാവുകയും പിന്നീട് മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത്.പാര്‍ട്ടിക്കുവേണ്ടി എന്ത് ത്യാഗം സഹിച്ചവരായാലും അക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുന്നവരെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് താഴെ തലത്തില്‍ കര്‍ശന നിര്‍ദേശം നല്‍കാനും കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടി ഘടകങ്ങളറിയാതെ നടക്കുന്ന അക്രമ സംഭവങ്ങളിലെ പ്രതികള്‍ മുൻപ് പാര്‍ട്ടി ബന്ധമുള്ളവരാണെങ്കില്‍ പാര്‍ട്ടി ആകെ പ്രതിക്കൂട്ടിലാവുന്നുണ്ട്. പാര്‍ട്ടിയോട് അനുഭാവമുള്ളവരെ കൂടി ഇത്തരം പ്രവൃത്തികള്‍ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നിര്‍ദേശവുമായി പാര്‍ട്ടിയുടെ ഇടപെടല്‍.കൂത്തുപറമ്പ് കേന്ദ്രീകരിച്ച്‌ ഇത്തരമൊരു സംഘം പ്രവര്‍ത്തിക്കുന്നുവെന്നത് ഗൗരവത്തോടെ കാണാന്‍ ജില്ലാ കമ്മിറ്റി ഏരിയാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. കൂത്തുപറമ്പിലെ ചില സി.പി.എം. പ്രവര്‍ത്തകര്‍ക്ക് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളതായി സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരം ജില്ലാ കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് വിവരം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലയിലെ സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: