പ്രവാസിയുടെ 10 ലക്ഷം രൂപ തട്ടിയെടുത്തു ;കോടതി നിർദേശ പ്രകാരം കേസെടുത്ത് പോലീസ്

കാഞ്ഞങ്ങാട്: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടയുവതിയും സഹായികളും പ്രവാസിയുടെ 10 ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയിൽ കോടതി നിർദേശ പ്രകാരം ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.കുവൈത്തിൽ ജോലി ചെയ്യുന്നകാഞ്ഞങ്ങാട് അജാനൂർ കടപ്പുറം സ്വദേശി എം.ഉബൈദിൻ്റെ (40) പരാതിയിലാണ് കേസെടുത്തത്. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട മലപ്പുറം സ്വദേശിനിയായ യുവതിയും സർക്കാർ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുവെന്ന് പരിചയപ്പെടുത്തിയ വിനോദും സഹായിയുമാണ് പ്രവാസിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തത്.2018 ആഗസ്ത് മാസം മുതൽ ഈ വർഷം മാർച്ച് 29 വരെയുള്ള കാലയളവിലാണ് പല തവണകളായി 10 ലക്ഷം രൂപ തട്ടിയെടുത്തത്.സൗഹൃദത്തിലായ യുവതി വിവിധ ആവശ്യങ്ങൾക്കായി വീഡിയോ കോൾ വഴി പണം ആവശ്യപ്പെട്ട് പരാതിക്കാരനിൽ നിന്നും കൈക്കലാക്കുകയായിരുന്നു. പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് പ്രവാസി കോടതിയെ സമീപിക്കുകയായിരുന്നു. ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.