ഗൃഹപ്രവേശചടങ്ങിൽ സലാഡ് കഴിച്ചവർക്ക് വയറിളക്കവും ഛർദിയും; 12 പേർ ചികിത്സ തേടി

നീലേശ്വരം: ഗൃഹപ്രവേശചടങ്ങിൽ ഭക്ഷണം കഴിച്ചവർ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചികിത്സ തേടി. ചോയ്യങ്കോട് ടൗണിന് സമീപത്തെ വീട്ടിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചവരാണ് ചികിത്സ തേടിയത്. പങ്കെടുത്ത 350 പേരിൽ ഒട്ടേറെ പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇവർ നീലേശ്വരം താലൂക്ക് ആശുപത്രിയിലും സമീപത്തെ സഹകരണ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. ആരെയും കിടത്തിച്ചികിത്സയ്ക്ക് വിധേയരാക്കിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

വയറിളക്കവും ഛർദിയുമാണുണ്ടായത്. ബിരിയാണിയും ഐസ്ക്രീമും കഴിച്ചവർക്ക് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. സലാഡ് കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന നിഗമനത്തിലാണ് ആരോഗ്യപ്രവർത്തകർ. ഗൃഹപ്രവേശം നടന്ന വീട്ടിലും അയൽപക്ക വീട്ടിലുമായാണ് ഭക്ഷണമൊരുക്കിയത്. കിണർവെള്ളം സാമ്പിൾ ശേഖരിച്ച് കാസർകോട്ടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. 12 പേർ ചികിത്സ തേടിയതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: