101-ാം വയസ്സിൽ കോവിഡിനോട് കരുണാകരൻ പറഞ്ഞു: ‘കടക്ക് പുറത്ത്’

 

പയ്യന്നൂർ: നൂറ്റിയൊന്നാം വയസ്സിൽ കോവിഡിനെ തോൽപ്പിച്ച് പയ്യന്നൂർ കൊറ്റിയിലെ കീർത്തിയിൽ കരുണാകരൻ. ഹൃദയശസ്ത്രക്രിയ ചെയ്തതിനാൽ ഉടലെടുത്തിരുന്ന ആശങ്കകളെ പടിക്കുപുറത്താക്കിയാണ് കരുണാകരൻ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയത്.

കഴിഞ്ഞ അഞ്ചിനാണ് കരുണാകരനെ കോവിഡ് ബാധിച്ച് പയ്യന്നൂരിലെ പ്രിയദർശിനി ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ വിശ്രമജീവിതം നയിച്ചിരുന്ന ഇദ്ദേഹത്തിന് എങ്ങനെയാണ് കോവിഡ് പിടികൂടിയതെന്ന് ആർക്കുമറിയില്ല. വീട്ടിലുള്ള മറ്റംഗങ്ങൾക്ക് കോവിഡ് ലക്ഷണവുമില്ലായിരുന്നു.

ആസ്പത്രിയിലെ ഡോക്ടർമാർ നൽകിയ ആത്മവിശ്വാസത്തിലാണ് ചികിത്സ തുടർന്നതെന്ന് മകൻ പ്രഭാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായതോടെയാണ് എല്ലാവർക്കും ആശ്വാസമായത്. ഡോ. പ്രസിൻ പ്രദീപ്, ഡോ. ജാനി ബാഷ, ഡോ. എൽസിൻ എന്നിവരാണ് കോവിഡിന്റെ പിടിയിൽനിന്ന്‌ ഇദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുനടത്തിയത്.

കരുണാകരന്റെ പരിചരണത്തിന് കൂടെയുണ്ടായിരുന്ന മകൾ ഭാനുമതിക്കും സന്തോഷമേറെയാണ്. മരുന്നിനൊപ്പം ഇദ്ദേഹത്തിന്റെ ആത്മവിശ്വാസവും തുണയായെന്ന് ഡോക്ടർമാർ പറയുന്നു. ഡോക്ടർമാരോടും മറ്റു ജീവനക്കാരോടും കൈകൂപ്പി നന്ദിപറഞ്ഞാണ് കരുണാകരൻ വീട്ടിലേക്ക് തിരിച്ചത്. ആസ്പത്രി ജീവനക്കാർ സ്നേഹോപഹാരം നൽകിയാണ് ഇദ്ദേഹത്തെ യാത്രയാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: