മതചടങ്ങുകള്‍, ഉത്സവങ്ങള്‍ എന്നിവയ്ക്ക് ജില്ലയിൽ കര്‍ശന നിയന്ത്രണം തുടരും

നാലാംഘട്ട ലോക്ക്ഡൗണ്‍ കാലത്തും മതപരമായ ചടങ്ങുകള്‍, ഉത്സവങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് വ്യക്തമാക്കി. ജില്ലയിലെ സ്ഥിതി അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളും നിശ്ചിത ആളുകളെ മാത്രം പങ്കെടുപ്പിച്ച് വേണം നടത്താന്‍. സാമൂഹ്യ അകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ. ഇതില്‍ അയവു വരുത്തിയാല്‍ സ്ഥിതി കൈവിട്ടുപോകുന്ന നിലയുണ്ടാകും. രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയുള്ള പ്രവര്‍ത്തനങ്ങളേ നമ്മള് നടത്താവൂ. അതേസമയം സാധാരണ ജീവിതവും വ്യാപാരവും സാധ്യമാകുകയും വേണം. എല്ലാ മത സ്ഥാപനങ്ങളും പൊതുജനങ്ങളും നല്ല നിലയിലാണ് സഹകരിക്കുന്നത്. തുടര്‍ന്നും അതുണ്ടാവണം. കടകള്‍ തുറക്കുന്നു എന്നതിനാല്‍ മാര്‍ക്കറ്റുകളില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങളില്‍ പൊലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ തുറമുഖ, പുരാവ്സതു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്ക്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം പ്രകാശന് തുടങ്ങിയവരും പങ്കെടുത്തു.