കൈകോർക്കാൻ പ്രതിപക്ഷ സഖ്യങ്ങളിലേക്ക് പരക്കം പാഞ്ഞ് നായിഡു

പ്രതിപക്ഷ സഖ്യനീക്കങ്ങളിൽ പങ്കാളിയാവാൻ ലക്ഷ്യമിട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടു. ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കുന്നതുമായി ബന്ധപ്പെട്ട് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെയും എൽജെഡി നേതാവ് ശരദ് യാദവിനെയും നായിഡു കണ്ടു. നാളെ അഖിലേഷ് യാദവടക്കമുള്ള നേതാക്കളെയും നായിഡു കണ്ടേക്കും.തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഫെഡറൽ മുന്നണിക്കുള്ള നീക്കം സജീവമാക്കുന്നതിന് സമാന്തരമായാണ് ചന്ദ്രബാബു നായിഡുവും ചർച്ചകൾ നടത്തുന്നത്. മെയ് 23-ന് പ്രതിപക്ഷപാർട്ടികളുടെ സംയുക്ത യോഗം സോണിയാ ഗാന്ധി വിളിച്ചു ചേർത്തതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിന്‍റെ ദില്ലിയിലെ കൂടിക്കാഴ്ചകൾ. ഇന്നലെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‍രിവാളിനെയും നായിഡു കണ്ടു..ഫെഡറൽ മുന്നണി നീക്കം ശക്തമാക്കി കെ ചന്ദ്രശേഖർ റാവു മുഖ്യമന്ത്രി പിണറായി വിജയനെയും, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനെയും കണ്ടിരുന്നു. ആന്ധ്രാപ്രദേശിലെ പ്രതിപക്ഷ കക്ഷിയായ ജഗൻമോഹൻ റെഡ്ഡിയുടെ പിന്തുണയും റാവുവിനുണ്ട്. തമിഴ്‍നാട്, കേരളം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് പിന്തുണ കിട്ടുകയും, സ്വന്തം നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ദക്ഷിണേന്ത്യയിൽ നിന്ന് എതിർചേരിയിലേക്ക് എത്തിക്കാൻ കഴിയുകയും ചെയ്താൽ, മമതാ ബാനർജിക്കും മായാവതിക്കും ഉള്ളതുപോലുള്ള സാധ്യതകൾ കെസിആറിനും ചന്ദ്രബാബു നായിഡുവിനുമുണ്ടെന്നാണ് വിലയിരുത്തൽ. പക്ഷേ, ഈ മുന്നണി നീക്കത്തിൽ ആരാകും കിങ് മേക്കർ എന്നതാണ് ശ്രദ്ധേയമായ കാര്യം. അതിനാണ് ഇരുവരും ചരടുവലികൾ ശക്തമാക്കുന്നതും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: