റീപോളിംഗ് ; കനത്ത സുരക്ഷയിൽ കണ്ണൂർ

റീ പോളിംഗ് നടക്കുന്ന കണ്ണൂര്‍ ജില്ലയിലെ ബൂത്തുകളില്‍ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.. ജില്ലയില്‍ കണ്ണൂര്‍, കാസര്‍കോട് ലോക്സഭാ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് നാളെ റീ പോളിംഗ് നടക്കുന്നത്. ഇതിന് പുറമേ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിലെ 48-ാം നമ്പര്‍ ബൂത്തിലും റി പോളിംഗ് നടക്കുന്നുണ്ട്. കല്യാശേരി നിയോജക മണ്ഡലത്തിലെ പിലാത്തറ എ യു പി സ്കൂളിലെ 19-ാം നമ്പര്‍ ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 60, 70, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിലെ 166-ാം നമ്പര്‍ ബൂത്ത് , ധര്‍മ്മടം അസംബ്ലി മണ്ഡലത്തിലെ കുന്നിരിക്ക യു പി സ്കൂളിലെ 52, 53 ബൂത്തുകള്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് . ഞായറാഴ്ച നടക്കുന്നവോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ വൈകീട്ട് അവസാനിച്ചതോടെ പോലീസിന്റെ നിയന്ത്രണത്തിലാകും ബൂത്തും പരിസര പ്രദേശങ്ങളും.
കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി വി ശിവ വിക്രമിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, തളിപ്പറമ്പ് , തലശേരി ഡി വൈ എസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല.കണ്ണൂര്‍, തളിപ്പറമ്പ് ,തലശേരി പോലീസ് ഡിവിഷനുകളിലെ സി ഐ-എസ് ഐമാരുടെ നേതൃത്വത്തിലാണ് പോലീസിനെ വിന്യസിക്കുന്നത്. ബൂത്തുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക മൊബൈല്‍ പട്രോളിംഗ് യൂനിറ്റുകളെ നിയോഗിക്കും. ബൂത്തുകളുടെ പുറത്തുള്ളവരെ പോളിംഗ് നടക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിപ്പിക്കില്ല. വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കൂ. അല്ലാത്തവരെ നിരീക്ഷിക്കുവാനും വിവരങ്ങള്‍ ശേഖരിക്കുവാനും പോലീസിനെ മഫ്തിയില്‍ വിന്യസിക്കും.റീ പോളിംഗ് നടക്കുന്ന നാല് ബൂത്തുകളിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് റവന്യൂ ഉദ്യോഗസ്ഥരെയാണ്. ഇന്ന് വൈകുന്നേരത്തോടെയാകും ഡ്യൂട്ടിക്കുള്ള 20 ഉദ്യോഗസ്ഥര്‍ ആരൊക്കെയാകുമെന്ന് തീരുമാനിക്കുക.കൂടുതല്‍ കാര്യക്ഷമതയും ഉത്തരവാദിത്വവും ഉറപ്പുവരുത്താനാണ് റവന്യൂ ഉദ്യോഗസ്ഥരെ തന്നെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്നറിയുന്നു. കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ റീ പോളിംഗ് നടക്കുന്ന ബൂത്തുകളില്‍ ഇന്നലെ രാവിലെ മുതല്‍ പ്രചാരണത്തിനെത്തി. വീടുകള്‍ കയറിയുള്ള വോട്ട് പിടിത്തമാണ് നടന്നത്. പരസ്യ പ്രചാരണം ഇന്നലെ വൈകീട്ടോടെ സമാപിച്ചു