എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നിരീക്ഷണ കേന്ദ്രങ്ങളൊരുക്കണം: മന്ത്രി ഇ പി ജയരാജന്‍

വിദേശ മലയാളികള്‍ നാട്ടിലേക്ക് തിരിച്ചെത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് കൊറോണ കെയര്‍ സെന്ററുകള്‍ ഒരുക്കണമെന്ന് വ്യവസായ മന്ത്രി പി ജയരാജന്‍. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ഗള്‍ഫ് നാടുകളില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ പേര് തിരികെയെത്താനിടയുണ്ടെന്നും അതിനാവശ്യമായ രീതിയിലുള്ള മുന്നൊരുക്കങ്ങള്‍ കാലേക്കൂട്ടി നടത്തണമെന്നും മന്ത്രി പറഞ്ഞു.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കപ്പെടുന്നതിന് അനുസരിച്ച് ജില്ലയിലെ പാതിവഴിയില്‍ നിലച്ചുപോയ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണം. കെട്ടിട നിര്‍മാണ രംഗത്തും പ്രവര്‍ത്തികള്‍ പുനരാരംഭിക്കണം. അതേസമയം, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമേ പ്രവൃത്തികള്‍ നടത്താവൂ. അതിഥി തൊഴിലാളികള്‍ക്ക് ഇതുവഴി തൊഴില്‍ നല്‍കുന്ന കാര്യം ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. 14 ദിവസത്തിനു ശേഷം ചിലര്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കണം. 28 ദിവസം കൃത്യമായി ഐസൊലേഷന്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം പി മേഴ്സി, ഡിഎംഒ ഡോ. കെ നാരായണ നായിക് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: