വാറൻ്റു പ്രതി മോഷ്ടിച്ച ബൈക്കിൽ കഞ്ചാവുമായി പിടിയിൽ

തൃക്കരിപ്പൂർ: വാറൻ്റു പ്രതി പോലീസിനെ കണ്ട് മോഷ്ടിച്ച ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഞ്ചാവു പൊതിയുമായി പിടിയിലായി.2022 -ൽകാപ്പ കേസിൽ നാടുകടത്തപ്പെട്ട പ്രതി
ചെറുവത്തൂർ കണ്ടത്തിൽ ഹൗസിൽ എം.മുഹമ്മദ്സുഹൈലിനെ (25) യാണ് ചന്തേര ഇൻസ്പെക്ടർ പി.നാരായണനും സംഘവും പിൻതുടർന്ന് പിടികൂടിയത്.പ്രതിയിൽ നിന്നും 300 ഗ്രാം കഞ്ചാവും മോഷ്ടിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.മോഷണ കേസിൽ വാറൻ്റു പ്രതിയായ മുഹമ്മദ് സുഹൈൽ തൃക്കരിപ്പൂർ വടക്കെ കൊവ്വലിലെ വാടക ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പിടികൂടാൻ പോലീസ് എത്തുന്നതിനിടെ മുഹമ്മദ് സുഹൈൽ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് വാഹനംകണ്ടതോടെ ഇയാൾ ബൈക്ക് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി. ഇതിനിടയിൽ പ്രതി റോഡരികിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ പൊതി കണ്ടെത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കിട്ടിയത്.പ്രതി സഞ്ചരിച്ച ടി.എൻ. 04- എ.സി. 2300 നമ്പർ യമഹ ബൈക്ക് തമിഴ്നാട് സേലത്തെ തോട്ടത്തിൽ ഗോവിന്ദ ഗൗണ്ടറുടെ മകൻ ഡി. അശ്വത്തിന്റെതാണെന്നും പോലീസ് കണ്ടെത്തി. അറസ്റ്റിലായപ്രതിയെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജൂഢിഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പോലീസ് സംഘത്തിൽ എസ്.ഐ.എം.വി.ശ്രീദാസ് സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ്, സിവിൽ പോലീസ് ഓഫീസർ സുധീഷ് വനിത സിവിൽ പോലീസ് ദിവ്യശ്രീ എന്നിവരും ഉണ്ടായിരുന്നു.