തർക്ക സ്ഥലത്ത് നിന്ന് വാഴക്കുല വെട്ടി വിറ്റു അളിയൻ്റെ തലക്ക് വെട്ടിയ യുവാവിനെതിരെ വധശ്രമത്തിന് കേസ്

ആദൂർ :കുടുംബസ്വത്ത് തർക്കം പറമ്പിലെ വാഴക്കുലകൾ വിറ്റതിനെ ചൊല്ലി സഹോദരി ഭർത്താവിനെ കത്തികൊണ്ട് തലക്ക് വെട്ടി പരിക്കേല്പിച്ച യുവാവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ആദൂർ ബാവിക്കരയിലെ കെ.കെ. മിസിറിയയുടെ ഭർത്താവ് അബ്ദുൾ ഖാദറി (52)നാണ് തലക്ക് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ ചെങ്കളയിലെ ഇ.കെ.നായനാർ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം 4.45 ഓടെയായിരുന്നു സംഭവം. ഉപ്പ മരിച്ച് രണ്ട് മാസം തികയുന്നതിനു മുമ്പേ കുടുംബ സ്വത്ത് ഭാഗം വെക്കാൻ മകനായ ബാവിക്കരയിലെ കെ.കെ. ഇക്ബാൽ ( 42) നിർബന്ധം പിടിച്ചതോടെ സ്വത്ത് തർക്കമായി.ഇതിനിടെ പിതാവ് മരിച്ച വിഷമത്തിൽ കഴിയുന്ന മിസിറിയയുടെ ഉമ്മ പറഞ്ഞതനുസരിച്ച് കഴിഞ്ഞ ദിവസം പറമ്പിൽ നിന്നും നാല് വാഴക്കുലകൾ വെട്ടി കടയിൽ വില്പന നടത്തിയിരുന്നു. വിവരമറിഞ്ഞ് മകനായ ഇക്ബാൽവീട്ടിലെത്തുകയും പ്രകോപിതനായി പറമ്പിലെ പാകമായവാഴകളെല്ലാം വെട്ടി നശിപ്പിച്ചു.വെട്ടുകത്തിയുമായി പോകുന്നതിനിടെ സഹോദരി ഭർത്താവായ അബ്ദുൾ ഖാദറിനെ ബാവിക്കരയിലെ ചായക്കടയിൽ കണ്ടുമുട്ടി. കടയിൽ കയറി വാക്കേറ്റത്തിനിടെ അബ്ദുൾ ഖാദറിനെ കയ്യിൽ കരുതിയ കത്തി കൊണ്ട് തലക്കും ദേഹത്തും വെട്ടി പരിക്കേല്പിച്ചു.പരിക്കേറ്റ അബ്ദുൾ ഖാദറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.തുടർന്ന് വിവരമറിഞ്ഞെത്തിയ ആദൂർ പോലീസ് ആശുപത്രിയിൽ കഴിയുന്ന അബ്ദുൾ ഖാദറിൻ്റെ മൊഴിയെടുത്ത് പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.