തെരഞ്ഞെടുപ്പില്‍ വളണ്ടിയര്‍ സേവനം ഉറപ്പാക്കും; അവലോകന യോഗം ചേര്‍ന്നു

കണ്ണൂർ:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 80 കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യുന്നതിന് വളണ്ടിയര്‍ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. പോളിംഗ് ബൂത്തുകളിലേക്കുള്ള വീല്‍ചെയറുകളുടേയും വളണ്ടിയര്‍മാരുടെയും ലഭ്യത യോഗം വിലയിരുത്തി.
എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാരും മുതിര്‍ന്നവരുമായ വോട്ടര്‍മാരെ സഹായിക്കാന്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള വളണ്ടിയര്‍മാരുടെ സേവനവും ആവശ്യമായ ഇടങ്ങളില്‍ വീല്‍ച്ചെയര്‍ സൗകര്യവും ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍ എന്നിവരെ സഹായിക്കുന്നതിനായി നേരത്തെ ജില്ലാതലത്തിലും മണ്ഡലം തലങ്ങളിലും ഹെല്‍പ്പ് ലൈന്‍ സൗകര്യമൊരുക്കിയിരുന്നു. ജില്ലയില്‍ ആകെ 28834 ഭിന്നശേഷി വോട്ടര്‍മാരും 80 വയസിന് മുകളില്‍ പ്രായമുള്ള 46818 വോട്ടര്‍മാരുമാണുള്ളത്. ഇവരില്‍ തപാല്‍ വോട്ടിനായി നാല്‍പ്പതിനായിരത്തിലധികം പേര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.  പോളിംഗ് കേന്ദ്രങ്ങളില്‍ നേരിട്ട് ചെന്ന് വോട്ട് ചെയ്യുന്നവര്‍ക്കാണ് വളണ്ടിയര്‍ സേവനം ലഭ്യമാക്കുക.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, എന്‍എസ്എസ്, എന്‍സിസി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ആരോഗ്യം, സാമൂഹ്യനീതി, കുടുംബശ്രീ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: