കൊറോണ: 10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു, എസ്എസ്എൽസി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ നടക്കുന്ന 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സിബിഎസ്ഇ മാറ്റിവച്ചു. മാർച്ച് 19നും 31നും മധ്യേയുള്ള പരീക്ഷകളാണ് മാറ്റിവെക്കുന്നതെന്ന് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി പറഞ്ഞു.
എല്ലാ പരീക്ഷകളും മാറ്റിവെക്കാൻ സിബിഎസ്ഇയോടും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. മാർച്ച് 31 വരെ പരീക്ഷകൾ മാറ്റിവെക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ പരീക്ഷ നടത്തുന്നതു പോലെതന്നെ പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കേന്ദ്രനിര്‍ദേശം അറിയില്ല. സര്‍ക്കുലര്‍ കണ്ടിട്ടില്ല. മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഡയറക്ടർ പ്രതികരിച്ചു.