കണ്ണൂരില്‍ നിന്ന് ആശ്വാസവാര്‍ത്ത:കണ്ണൂര്‍ സ്വദേശിയുടെ മൂന്നാം പരിശോധനാ ഫലവും നെഗറ്റീവ്

കണ്ണൂരില്‍ നിന്ന് ആശ്വാസവാര്‍ത്ത. കോവിഡ് സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ മൂന്നാം പരിശോധനാ ഫലവും നെഗറ്റീവ് ആണ്. മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവായതോടെ കേരളത്തില്‍ രോഗമുകതിനേടുന്ന നാലാമത്തെയാളാണിത്. ഇയാളുടെ രോഗം മാറിയെങ്കിലും 14 ദിവസം നിരീക്ഷണത്തില്‍ തുടരും. ജനജീവിതം സാധാരണ നിലയിലേയക്ക് മടങ്ങി വരുമ്പോഴും ആളുകള്‍ സ്വയം ജാഗ്രത പുലര്‍ത്തുന്നുണ്ട്. മാസ്ക്കുകള്‍ ഉള്‍പ്പെടെ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച പ്രതിരോധ മുന്‍കരുതലുകളും ജനങ്ങള്‍ കൃത്യമായി പിന്തുടരുന്നു.  

കോവിഡ്–19 ഭീതിയിലായിരുന്ന കണ്ണൂര്‍ തികഞ്ഞ ജാഗ്രതയോടെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരുന്നു. രോഗിയുമായി നേരിട്ട് ബന്ധപ്പെട്ട ആര്‍ക്കും രോഗം സ്ഥിരീകരിക്കാത്തത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. കാര്യങ്ങള്‍ അനുകൂലമാകുമ്പോഴും ജാഗ്രതയില്‍ വീട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ആരോഗ്യവകുപ്പും, ജില്ല ഭരണകൂടവും. റെയില്‍വേ സ്റ്റേഷനുകളില്‍ ഹെല്‍പ് ‍ഡെസ്ക്കും പരിശോധന സംവിധാനങ്ങളും സജീവമാണ്. കര്‍ണാടക അതിര്‍ത്തിയായ കിളിയന്തറയിലും പരിശോധനകള്‍ തുടരുന്നു.

ആശുപത്രയില്‍ ഐസോലേഷനിലുള്ളവരുടെ എണ്ണം കുറയുമ്പേഴും വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. നിലവില്‍ 821 പേര്‍ ഹോം ക്വാറന്റീനിലാണ്. മാഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത് ജില്ലയില്‍ നേരിയ ആശങ്കയ്ക്ക് വഴിവയ്ക്കുന്നു. ആരോഗ്യവകുപ്പും, ജില്ല ഭരണകൂടവും മാഹി അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുന്നുണ്ട്. രോഗിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: