നിയന്ത്രണങ്ങൾ നീങ്ങി – രണ്ടു വർഷത്തെ ഉറക്കം മാറ്റി മാക്കൂട്ടം ചുരം പാത ഉണർന്നു

ഇരിട്ടി: രണ്ട് വർഷത്തോളമായി തലശ്ശേരി – കുടക് അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം പാത ഉറക്കത്തിലായിരുന്നു. പ്രളയവും തുടർന്നുവന്ന കൊവിഡും ലോക്ക് ഡൗണും ഇതിനുശേഷമുണ്ടായ നിയന്ത്രണങ്ങളും മൂലം രണ്ട് വർഷത്തോളം കാലമായി ഈ കാനനപാത അടഞ്ഞുകിടക്കുന്ന അവസ്ഥയിലായിരുന്നു. എന്നാൽ വെള്ളിയാഴ്ചയോടെ നിയന്ത്രണങ്ങൾ പിൻവലിച്ച് പാത ഗതാഗതത്തിനു തുറന്നുകൊടുത്തതോടെ ഗതാഗതം പഴയ നിലയിലേക്ക് തിരിച്ചു വന്നു. ഇത് വലിയ ആശ്വാസമാണ് ഇതുവാഴയാത്രചെയ്യുന്ന അന്തർസംസ്ഥാന യാത്രക്കാർക്ക് നൽകിയിരിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് കടന്നുപോകാമെന്ന നിലയിലേക്ക് ചുരുക്കിയതോടെ ചുരം പാത വഴിയുള്ള യാത്രക്കാരുടെ എണ്ണം പതിൻമടങ്ങ് വർധിച്ചു. പൊതുഗതാഗതവും പൂർണ്ണ തോതിലേക്ക് മടങ്ങി എത്തിയതോടെ മേഖലയിലെ വ്യാപാര – വാണിജ്യ മേഖലയിലും പ്രത്യേക ഉണർവ് പ്രകടമായിത്തുടങ്ങി. കണ്ണൂർ ജില്ലയിലെ കണ്ണൂർ, തലശ്ശേരി തുടങ്ങിയ പ്രധാന പട്ട ണങ്ങളിൽ നിന്നും കർണ്ണാടകത്തിലെ ബംഗളൂരു, മൈസൂരു തുടങ്ങിയ പട്ടണങ്ങളിലേക്ക് രാത്രികാലങ്ങളിൽ കേരളത്തിന്റെയും കർണ്ണാടകത്തിന്റേയും ആർ ടി സി ഉൾപ്പെടെ അൻപതോളം ടൂറിസ്റ്റുബസ്സുകൾ സർവീസ് നടത്തിയിരുന്നു. പാതയിൽ നിയന്ത്രണങ്ങൾ വന്നതോടെ ഇത്തരം ബസ്സുകളും യാത്രക്കാരും ഇല്ലാ താവുകയും ഇടപാടുകാർ ഇല്ലാതായതോടെ പാതയിലെ നിരവധി രാത്രികാല ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തനം നിർത്തിവെച്ചു. ഇത്തരം സ്ഥാപനങ്ങളെല്ലാം വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.
കൊവിഡിനെ തുടർന്ന് അന്തർ സംസ്ഥാന യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും ഏർപ്പെടുത്തിയ നിയന്ത്രണം ഒരു വർഷമായി അതുപോലെ തുടരുകയായിരുന്നു. കോവിഡിന് മുൻമ്പ് 2019-ലെ പ്രളയയത്തിലും ഉരുൾപൊട്ടലിലും ചുരം പാതയിൽ ഉണ്ടായ നാശനഷ്ടം കാരണം ആറുമാസത്തോളം ഗതാഗതം പൂർണ്ണമായും മുടങ്ങുകയും ചെയ്തിരുന്നു. തകർന്ന റോഡുകളും പാലങ്ങളും ഭാഗികമായി പൂർ്ത്തിയാക്കി നിയന്ത്രണങ്ങളോടെ ചെറുവാഹനങ്ങളും മറ്റും കാടത്തി വിടാൻ തുടങ്ങിയതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം ആരംഭിച്ചത്. കോവിഡിന്റെ പേരിൽ സംസ്ഥാന അതിർത്തിയിൽ മണ്ണിട്ട് ഗതാഗതം പൂർണ്ണമായും തടഞ്ഞത് ആദ്യം മാക്കൂട്ടത്തായികുന്നു. ഏറെ എതിർപ്പുകൾക്കൊടുവിൽ മാസങ്ങൾക്ക് ശേഷം മണ്ണ് നീക്കി നിയന്ത്രണങ്ങളോടെ ഗാതാഗതം അനുവദിച്ചെങ്കിലും കോവിഡിന്റെ രണ്ടാം തരംഗത്തോടെ കുടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ആർടിപിസിആർ നിബന്ധനമൂലം അത്യാവശ്യ യാത്രക്കാരും കുറച്ച് ചരക്ക് വാഹനങ്ങളും മാത്രമാണ് അതിർ്ത്തി കടന്ന് കർണ്ണാടകത്തിലേക്ക് പ്രവേശിച്ചിരുന്നുള്ളു.
കേന്ദ്ര സർക്കാർ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇന്ത്യ മുഴുവൻ നിയന്ത്രണം ഇല്ലാതെ സഞ്ചരിക്കാമെന്ന ഉത്തരവിറക്കിയിട്ടും ചുരം പാതയിലെ നിയന്ത്രണം നീക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. കേരള- ഗോവ സംസ്ഥാനങ്ങളിൽ നിന്ന് അതിർ്ത്തി കടന്ന് എത്തുന്നവർക്ക് ആർടിപിസിആർ നിബന്ധന വേണമെന്ന ഉത്തരവ് വ്യാഴാഴ്ച്ചയാണ് കർണ്ണാടക സർക്കാർ പിൻവലിച്ചത്. രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് അതിർത്തി കടക്കാൻ നിർബന്ധമാക്കിയിട്ടുണ്ട്. 90 ശതമാനത്തിലധികം പേരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതിനാൽ ഇപ്പോഴത്തെ നിയന്ത്രണം യാത്രക്കാരെ ബാധിക്കില്ല.
വെള്ളിയാഴ്ച്ച രാവിലെയാണ് ആർടിപിസിആർ നിയന്ത്രണങ്ങൽ നീക്കിക്കൊണ്ടുള്ള ഉത്തരവ് ചെക്ക് പോസ്റ്റ് അധികൃതർക്ക് ലഭിച്ചത്. ചുരം പാത വഴിയുള്ള സ്ഥിരം യാത്രക്കാർക്ക് പുറമെ ഇരുചക്ര വാഹനങ്ങളും ടാക്‌സികളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ പുലർച്ചെ മുതൽ തന്നെ എത്തിയിരുന്നു. എല്ലാ യാത്രക്കാരുടേയും വാക്‌സിൻ സർട്ടിഫിക്കറ്റ് പരിശോധിച്ചതിന് ശേഷം കടത്തി വിട്ടു. നിയന്ത്രണങ്ങൾ നീങ്ങിയെങ്കിലും മാക്കൂട്ടത്ത് പുതുതായി തുടങ്ങിയ കോവിഡ് പരിശോധനാ കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണത്തിലും പോലീസ് സുരക്ഷയിലും കുറവൊന്നും വരുത്തിയിട്ടില്ല. കൊവിഡ് കാലാത്ത് തുടങ്ങിയ പരിശോധനാ സംവിധാനം അതേപടി നിലനിർത്താനുള്ള നടപടയുടെ ഭാഗമാണിത്. മാക്കൂട്ടത്ത് വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന് പുറമെ മറ്റൊരു പരിശോധനാ കേന്ദ്രം കൂടി സ്ഥാപിതമായിരിക്കുകയാണ്.
പാതയിലെ നിയന്ത്രണം നീക്കിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച് മാക്കൂട്ടം പാതയിലെ പെരുമ്പാടി ചെക്ക്‌പോസ്റ്റിൽ കുടകിലെ മലയാളി സമാജം പ്രവർത്തകർ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: