പൊലീസിന്റെ ജോലിഭാരം കുറയ്ക്കുക സര്‍ക്കാര്‍ ലക്ഷ്യം – മുഖ്യമന്ത്രി

പയ്യന്നൂര്‍ പൊലീസ് സബ് ഡിവിഷന്‍  ഉദ്ഘാടനം ചെയ്തു

ജോലിഭാരം കുറച്ച് കേരള പൊലീസിന്റെ ഇടപെടല്‍ സുഗമവും കാര്യക്ഷമവുമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് പുതിയ സബ് ഡിവിഷനുകള്‍ തുടങ്ങിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പയ്യന്നൂര്‍ സബ് ഡിവിഷന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 25 പുതിയ സബ് ഡിവിഷനുകളും പയ്യാവൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ക്രമസമാധാന പരിപാലന ചരിത്രത്തിലെ നാഴികക്കല്ലാണ് പുതിയ സബ് ഡിവിഷനുകളുടെ ഉദ്ഘാടനമെന്നും  സബ് ഡിവിഷനുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ ഡിവൈഎസ്പി തലത്തിലുള്ള ഏകോപനവും നിരീക്ഷണവും വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഇന്‍സ്‌പെക്ടര്‍ തസ്തികയിലുള്ള മുതിര്‍ന്ന 25 പേര്‍ക്ക് സ്ഥാനക്കയറ്റവും ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ, പഴയങ്ങാടി, പരിയാരം സ്റ്റേഷനുകളാണ് പയ്യന്നൂര്‍ സബ് ഡിവിഷനില്‍ ഉള്‍പ്പെടുക. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, ടി പി രാമകൃഷ്ണന്‍, കെ കെ ശൈലജ ടീച്ചര്‍, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ,  ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്, ഹെഡ്ക്വാട്ടേഴ്‌സ് ഡി ഐ ജി എസ് ശ്യാം സുന്ദര്‍ തുടങ്ങിയവരും പങ്കെടുത്തു.
പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ സി കൃഷ്ണന്‍ എം എല്‍ എ ശിലാഫലകം അനാഛാദനം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി  ചടങ്ങിന് ഓണ്‍ലൈനായി ആശംസകള്‍ നേര്‍ന്നു. പയ്യന്നൂര്‍ നഗരസഭാധ്യക്ഷ കെ വി ലളിത, കൗണ്‍സലര്‍ മണിയറ ചന്ദ്രന്‍, തളിപ്പറമ്പ് ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്‍, പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ് ഐ കെ ബിജിത്ത്, പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ  എം സി പ്രമോദ്, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രമേശന്‍ വെള്ളോറ, കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ പ്രിയേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: