മർദ്ദനമേറ്റ മധ്യവയസ്കന് മരിച്ചു. നാല് പേർ അറസ്റ്റിൽ

{"uid":"4A771575-44AB-448F-A56E-9711FACBFD03_1613659175495","source":"other","origin":"gallery"}
ചെറുപുഴ: മർദ്ദനമേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ നാല് പേരെ ചെറുപുഴ പോലീസ് അറസ്റ്റു ചെയ്തു.
ഇരിട്ടി നെടുംപൊയില്‍ പൂളക്കുറ്റി സ്വദേശി കൊല്ലംപറമ്പില്‍ ജയിംസ് (60) മരിച്ച സംഭവത്തിലാണ് പൊലീസ് പാടിയോട്ടുചാൽ സ്വദേശികളായ നാല് പേരെ അറസ്റ്റ് ചെയ്തത്. കൊരമ്പ ക്കല്ലിലെ മംഗലത്ത് സോമൻ വർക്കി (63), മുതകുടിയിൽ സുപ്രിയേഷ് പ്രകാശൻ (21), കൊയിലേരിയൻ പ്രദീപ് (29), വെമ്പിരിഞ്ഞൻ രജ്ഞിത്ത് (33) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി രണ്ടിന് ചെറുപുഴ പൊലീസ് സ്റ്റേഷന് പരിധിയിലെ പാടിയോട്ടുചാല്‍ കൊരമ്പക്കല്ലിലെ ഭാര്യാ സഹോദരന്റെ വീട്ടിലെത്തിയ ജയിംസിനെ രാത്രി ഒൻപതോടെ വാക്കുതർക്കത്തെ വഴിയിൽ വെച്ച് നാലുപേരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ചെറുപുഴയിലെ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാള്‍ ചികിത്സയിലിരിക്കെ 15 ന് തിങ്കളാഴ്ച രാത്രിയാണ് മരണമടഞ്ഞത്. പ്രദേശത്തെ കണ്ടാലറിയാവുന്ന നാല് പേർ ചേർന്ന് തന്നെ മര്‍ദ്ദിച്ചിരുന്നതായി മരണത്തിന് രണ്ടുദിവസം മുമ്പ് ബന്ധുക്കളോട് ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് ചെറുപുഴ പോലിസില്‍ വിവരമറിയിക്കുകയും പോലിസ് ജെയിംസില്‍ നിന്നും മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മരണം സംഭവിച്ചതോടെ ചെറുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എം. ഉണ്ണികൃഷ്ണൻ, എസ്ഐ മാരായ എം.പി. വിജയകുമാർ, സി. തമ്പാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. മുഹമ്മദലി, സി.പി.ഒ എം. ഭാസ്കരൻ, കെ. മഹേഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ അറസ്റ്റിലായത്. പയ്യന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ത്രേസ്യാമ്മയാണ് മരിച്ച ജെയിംസിന്റെ ഭാര്യ. മക്കള്‍: നിഖില, നികിത. മരുമക്കള്‍: രാഹുല്‍, സനു.