കണ്ണൂർ ജില്ലയിൽ നായശല്യം തടയാന്‍ . കൂടുതല്‍ എ ബി സി കേന്ദ്രങ്ങള്‍ തുറക്കും.

കണ്ണൂർ :തെരുവുനായ ശല്യം രൂക്ഷായ സാഹചര്യത്തില്‍ പ്രശ്‌നത്തിന് പരിഹാരമായി ജില്ലയില്‍ കൂടുല്‍ എ ബി സി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനം. എ ബി സി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

തെരുവുനായ ശല്യം വര്‍ധിക്കുകയും ജനങ്ങള്‍ക്ക് കടിയേല്‍ക്കുന്നത് നിത്യസംഭവമായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.പടിയൂര്‍, തലശ്ശേരി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രം നിര്‍മ്മിക്കുക. ഇതില്‍ പടിയൂരില്‍ കേന്ദ്രത്തിനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.

നിലവില്‍ പാപ്പിനിശ്ശേരിയില്‍ മാത്രമാണ് കേന്ദ്രമുളളത്. പടിയൂരില്‍ ആരംഭിക്കുന്ന കേന്ദ്രത്തില്‍ ഇത്തരത്തില്‍ മൂന്നു യുണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ജില്ലാപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ് നിര്‍മ്മാണം.

കേന്ദ്രത്തിന് ആവശ്യമായ സ്ഥലങ്ങള്‍ അതത് പഞ്ചായത്തുകള്‍ കണ്ടെത്തി നല്‍കണം. കന്റോണ്‍മെന്റ് ഏരിയയില്‍ ആവശ്യപ്പെട്ടാല്‍ കേന്ദ്രം നിര്‍മ്മിക്കാമെന്നും യോഗം തീരുമാനിച്ചു.

നിലവില്‍ ഒരു മാസം 200 എന്ന തോതിലാണ് തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടുന്ന നായ്ക്കളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി മൂന്ന് ദിവസത്തിന് ശേഷം പിടിച്ച സ്ഥലത്ത് തിരികെ കൊണ്ടു വിടുതാണ് രീതി. ഈ സമയം അവയ്ക്ക് റാബിസിനെതിരെയുള്ള പ്രതിരോധ മരുന്നും നല്‍കാറുണ്ട്.

വളര്‍ത്തുനായകളെ തിരിച്ചറിയുന്നതിനായി മൈക്രോചിപ്പിംഗ് നടപ്പിലാക്കണമെന്നും ഡോഗ് ബ്രീഡിങ്ങിനായി പ്രത്യേകം ഫീസ് ചുമത്തി ലൈസന്‍സ് നല്‍കണമെന്നും അല്ലാത്തവര്‍ക്ക് പിഴ ഈടാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതോടെ തെരുവുനായ ശല്യത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ബാബു, വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: