പൊതുവിദ്യാഭ്യാസ സംരക്ഷണം;  ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുമായി ജില്ലാ പഞ്ചായത്ത്  പഠനോത്സവം ജില്ലാതല സമിതി രൂപീകരിച്ചു എസ് എസ് എല്‍ സി 150 സ്‌കൂളുകളില്‍ 100 ശതമാനം ലക്ഷ്യം

ജില്ലയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തങ്ങള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍പ്രവര്‍ത്തങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ജില്ലാ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗം പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. 

എസ്എസ്എല്‍സി പരീക്ഷയില്‍ കുറഞ്ഞത് 150 വിദ്യാലയങ്ങളിലെങ്കിലും ഈ വര്‍ഷം 100 ശതമാനം വിജയം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിജയ ശതമാനത്തില്‍ മികച്ച വര്‍ധയാണ് ഉണ്ടായിരിക്കുന്നത്. ഈ നടപടികള്‍ ശക്തിപ്പെടുത്തണം. മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച സ്‌കൂളുകളിലാണ് കഴിഞ്ഞ വര്‍ഷം കുട്ടികളുടെ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. കുട്ടികള്‍ കുറവുള്ള സ്‌കൂളുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളുടെ പഠന മികവുകള്‍ പൊതു സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുക വഴി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പഠനോത്സവം വിജയിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ചെയര്‍മാനും ഡിഡിഇ ടി പി നിര്‍മലാദേവി കണ്‍വീനറുമായി ജില്ലാതല സമിതി രൂപീകരിച്ചു.

ജില്ലയിലെ എസ്എസ്എല്‍സി വിജയശതമാനം ഉയര്‍ത്തുക, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ കുറവ് പരിഹരിക്കുക എന്നീ വിഷയങ്ങളില്‍ കൈകൊള്ളേണ്ട നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന പഠനോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തില്‍ യോഗങ്ങള്‍ സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍, പിടിഎ പ്രസിഡന്റ്, പ്രധാനാധ്യാപകര്‍, എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുക.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ കെ രവി, ഡിപിഒ കെ ആര്‍ അശോകന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി യു രമേശന്‍, എസ് പി രമേശന്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, കെ ശോഭ, ടി ടി റംല, ജില്ലാ പഞ്ചായത്ത അംഗം അജിത്ത് മാട്ടൂല്‍, ഡിഡിഇ ടി പി നിര്‍മ്മല ദേവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: