വ്യാജന്മാരെ ഇനി ‘ആധാർ’ കുടുക്കും

സംസ്ഥാനത്ത് പ്രാക്ടീസ് നടത്തുന്ന വ്യാജഡോക്ടർമാരെ കുടുക്കാൻ ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ(ടി.സി.എം.സി.) നടപടികൾ തുടങ്ങി. ഡോക്ടർമാരുടെ രജിസ്ട്രേഷൻ വിവരങ്ങൾ പൂർണമായും ഡിജിറ്റലാക്കി ആധാർ ബന്ധിപ്പിക്കും. വ്യക്തിഗത വിവരങ്ങൾ ചോരാത്തവിധം ആധാർ ബന്ധിപ്പിക്കാൻ ഉടൻ സർക്കാരിന്റെ അനുമതി തേടും.

രജിസ്ട്രേഷനുള്ള ഏതെങ്കിലുമൊരു ഡോക്ടറുടെ പേരിൽ മറ്റാരെങ്കിലും പ്രാക്ടീസ് നടത്തിയാൽ എളുപ്പം കണ്ടെത്താൻ കഴിയും. ആലപ്പുഴയിൽ കഴിഞ്ഞദിവസം പിടിയിലായ വ്യാജ ഡോക്ടർ സി.ജെ. യേശുദാസ്, ഇതേ പേരിലുള്ള മറ്റൊരു ഡോക്ടറുടെ എം.ബി.ബി.എസ്. സർട്ടിഫിക്കറ്റും രജിസ്ട്രേഷനും ഉപയോഗിച്ചാണ് പ്രാക്ടീസ് നടത്തിയിരുന്നത്.

വർഷങ്ങളായി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ഇയാൾ ചികിത്സനടത്തിയെങ്കിലും ഏറെ വൈകിയാണ് കണ്ടെത്തിയത്. ഡിജിറ്റലായി ആധാർ ബന്ധിപ്പിക്കുന്നതോടെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്ന ദിവസംതന്നെ ഡോക്ടർ വ്യാജനാണോ എന്ന് കണ്ടെത്താനാകും.

ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, ഹോമിയോ, യുനാനി തുടങ്ങിയ എല്ലാ വിഭാഗം ഡോക്ടർമാരുടെയും വിശദവിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൽവത്കരണത്തിന് ടി.സി.എം.സി. നടപടി തുടങ്ങി. വിവരങ്ങളുടെ ഡിജിറ്റൽവത്കരണം പൂർത്തിയാകുന്നതോടെ ആധാർ ബന്ധിപ്പിക്കുന്ന നടപടികൾ ആരംഭിക്കാനാണ് സർക്കാരിനെ സമീപിക്കുക.

വിവിധ സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്ന ഡോക്ടർമാരുടെ വിവരങ്ങളും ടി.സി.എം.സി. പരിശോധിക്കും. ഇതിനകം 76 ആശുപത്രികളിലെ ഡോക്ടർമാരുടെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. ഇനി ആശുപത്രികളിൽ നേരിട്ട് സന്ദർശനം നടത്തി ഡോക്ടർമാരുടെ യോഗ്യതകൾ പരിശോധിക്കും. ഇതിനായി ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നവർക്ക് ടി.സി.എം.സി. രജിസ്ട്രേഷൻ നിർബന്ധമാണ്.

*വിദേശത്ത് പഠിച്ചവരെ പ്രത്യേകം നിരീക്ഷിക്കും

വിദേശത്തുനിന്ന് എം.ബി.ബി.എസ്. പാസായി എത്തുന്നവർ രജിസ്ട്രേഷന് അപേക്ഷിക്കുമ്പോൾ വിശദമായി പരിശോധിക്കും. അവിടത്തെ എംബസികൾ, സർവകലാശാലകൾ എന്നിവയ്ക്ക് അപേക്ഷകൻ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അയച്ചുകൊടുക്കും. സർട്ടിഫിക്കറ്റ് യഥാർഥമാണെന്ന് തെളിഞ്ഞാലേ രജിസ്ട്രേഷൻ നൽകാറുള്ളൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: