ജിയോ മാപ്പിംഗ് വഴി റോഡ് കണക്റ്റിവിറ്റി മാപ്പ്  തയ്യാറാക്കുന്നു ജില്ലയിലെ എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കി

മികച്ച ആസൂത്രണത്തിലൂടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ ജിയോ മാപ്പിംഗിലൂടെ റോഡുകളുടെ വിശദ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പരിശീലന പരിപാടികള്‍ ജില്ലയില്‍ തുടങ്ങി. 

ആസൂത്രണ വകുപ്പിനു കീഴിലെ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റല്‍ സെന്റര്‍ (കെഎസ്ആര്‍ഇസി) വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി കെഎസ്ആര്‍ഇസി ആര്‍-ട്രാക്ക് പേരില്‍ പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇതുപയോഗിച്ച് റോഡുകളുടെ ഡിജിറ്റല്‍ സര്‍വേ നടത്തി കണക്റ്റിവിറ്റി മാപ്പ് തയ്യാറാക്കുന്നതിന് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലെ എഞ്ചിനീയര്‍മാര്‍ക്കും സര്‍വേ സംഘത്തിനുമാണ് പരിശീലനം നല്‍കിയത്. എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സര്‍വേ ടീം രണ്ടുമാസത്തിനകം സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് പദ്ധതി. 

സര്‍വേ സംഘം ജില്ലയിലെ നാഷനല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ, തദ്ദേശ സ്ഥാപനത്തിനു കീഴിലെ റോഡുകള്‍ തുടങ്ങി മുഴുവന്‍ റോഡുകളുടെയും വിവരങ്ങള്‍ അതത് പ്രദേശങ്ങളിലെത്തി ജിയോ മാപ്പില്‍ അടയാളപ്പെടുത്തും. റോഡിന്റെ നീളം, ഓരോ സ്ഥലത്തെയും വീതി, ടാറിംഗ് ഏരിയയുടെ അളവുകള്‍, പാലങ്ങള്‍, കള്‍വേര്‍ട്ടുകള്‍, നടപ്പാതകള്‍, സംരക്ഷണ ഭിത്തികള്‍, ഓവുചാലുകള്‍, ജംഗ്ഷനുകള്‍, റോഡ് കടന്നുപോവുന്ന ഭൂപ്രദേശത്തിന്റെയും മണ്ണിന്റെയും സ്വഭാവം, റോഡരികുകളിലെ പ്രധാന കെട്ടിടങ്ങള്‍, ജലസ്രോതസ്സുകള്‍, കളിക്കളങ്ങള്‍, റോഡിലൂടെ കടന്നുപോവുന്ന കുടിവെള്ള പദ്ധതികള്‍ തുടങ്ങിയ വിവരങ്ങളാണ് തല്‍സമയം അടയാളപ്പെടുത്തുക. ഇതോടൊപ്പം റോഡുകളുടെയും മറ്റും ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാനുള്ള സംവിധാനവും മൊബൈല്‍ ആപ്പിലുണ്ട്. ഓരോ റോഡിന്റെയും കൃത്യമായ ലൊക്കേഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സ്വമേധയാ രേഖപ്പെടുത്തും. 

റോഡ് വികസനവുമായി ബന്ധപ്പെട്ട സുപ്രധാന ചുവടുവയ്പ്പാണ് റോഡ് കണക്റ്റിവിറ്റി ഡിജിറ്റലൈസ് ചെയ്യുന്നതോടെ സാധ്യമാവുന്നതെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അഭിപ്രായപ്പെട്ടു. ജനസാന്ദ്രത കൂടിയ കേരളം പോലുള്ള സംസ്ഥാനത്ത് റോഡ് വികസനത്തിനാവശ്യമായ ഭൂമി കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നിലവിലുള്ള റോഡുകളുടെ ശാസ്ത്രീയമാവും ആസൂത്രിതവുമായ വികസനമാണ് പോംവഴി. റോഡുകളുടെ വിവരങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി ഇതിന്റെ മുന്നോടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

റോഡുകളുടെ ഇ സര്‍വേ പൂര്‍ത്തിയാവുന്നതോടെ അവയുടെ നവീകരണത്തിനും വികസനത്തിനുമുള്ള പദ്ധതി ആസൂത്രണം എളുപ്പത്തിലാവുമെന്ന് പരിശീലനത്തിന് നേതൃത്വം നല്‍കിയ കെഎസ്ആര്‍ഇസി സീനിയര്‍ സയന്റിസ്റ്റ് ഡോ. സുരേഷ് ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു. നിലവിലുള്ള റോഡുകളെ മികച്ച രീതിയില്‍ കൂട്ടിയിണക്കി ഗതാഗതസംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍വേയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ സഹായകമാവും. നിലവിലെ റോഡുകളുടെ വികസന സാധ്യതയും പുതിയ റോഡുകള്‍ നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ കണ്ടെത്താനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയില്‍ പൊതുജനങ്ങള്‍ക്ക് റോഡുകളിലെ ഗതാഗത പ്രശ്‌നങ്ങള്‍, റോഡുകളുടെ തകര്‍ന്ന ഭാഗങ്ങള്‍ എന്നിവ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും അവയ്ക്ക് സത്വര പരിഹാരം കണ്ടെത്തുന്നതിനും ആപ്ലിക്കേഷന്‍ വഴി സമാഹരിക്കുന്ന വിവരങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എന്‍ ബിജോയ് സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: