ഈ വിളക്കുകള്‍ അണയാതിരിക്കട്ടെ;  ആസ്വദിക്കാം പയ്യാമ്പലത്തിന്റെ രാത്രി സൗന്ദര്യം

ഇരുട്ടിനോടും സാമൂഹ്യ വിരുദ്ധരോടും ഇനി നോ പറയാം, പയ്യാമ്പലത്തിന്റെ രാത്രി വീഥികളില്‍ വെളിച്ചം വീണുകഴിഞ്ഞു. രാത്രി ഏറെ വൈകിയും കടല്‍ത്തിരകളാസ്വദിക്കാനെത്തുന്ന സന്ദര്‍ശകരാലും ഫുട്ബോള്‍, വോളിബോള്‍ കളികളാലും സജീവമാണ് പയ്യാമ്പലത്തിന്റെ മണല്‍പ്പരപ്പുകളിന്ന്. കടല്‍ക്കാറ്റിന്റെ കുളിരേറ്റ് നടക്കാന്‍ നീളന്‍ നടപ്പാത, വെളിച്ചമേകാന്‍ സോളാര്‍ വിളക്കുകള്‍, ബീച്ച് ജിം, റെയിന്‍ ഷെല്‍ട്ടറുകള്‍, ബാംബൂ കഫേ, ഫോട്ടോ ഫ്രെയിം. എല്ലാം കൊണ്ടും ആകര്‍ഷകമാണ് കണ്ണൂര്‍ നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പയ്യാമ്പലം ബീച്ച്. 

കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ മനസ്സിലുദിച്ച ആശയമാണ് ഇന്ന് പയ്യാമ്പലം ബീച്ചിന്റെ രാത്രികളെ വെളിച്ചത്തിന്റെ സുരക്ഷിതത്വത്തിലേക്കെത്തിച്ചത്. കലക്ടറായി ചുമതലയേറ്റതിന് ശേഷം ഒരു രാത്രി ബീച്ചിലെത്തിയപ്പോഴുണ്ടായ അനുഭവമായിരുന്നു ഇതിനു കാരണം. ഇരുട്ടും കാടുപിടിച്ച പരിസരവും പയ്യാമ്പലത്തെ സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളമാക്കി മാറ്റിയിരുന്നു. ബീച്ചില്‍ രാത്രികാലങ്ങളില്‍ വിളക്ക് തെളിഞ്ഞതോടെ സ്ഥിതി മാറി. വെളിച്ചം വന്നതോടെ ഇരുട്ടിന്റെ ശക്തികളും അപ്രത്യക്ഷരായി. ഇതോടെ രാത്രി ഏറെ വൈകിയും സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സന്ദര്‍ശകര്‍ ഒഴുകിയെത്തി. വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ബീച്ചിലെ രാത്രി സൗന്ദര്യം ആസ്വദിക്കാന്‍ ഇപ്പോള്‍ വന്നെത്തുന്നത്.

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ആറ് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന നടപ്പാതയുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. പ്രവേശന കവാടത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബീച്ച് ജിം ആണ് മറ്റൊരു ആകര്‍ഷക  ഘടകം. സംസ്ഥാനത്തെ ബീച്ചുകളില്‍ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സമ്പൂര്‍ണ ജിംനേഷ്യമാണ്  പയ്യാമ്പലത്തേത്. പുഷ് അപ് ബാര്‍, പുള്‍ അപ് ബാര്‍, പാരലല്‍ ബാര്‍, സിറ്റ് അപ് ബെഞ്ച്, ബാര്‍ ക്ലൈംബര്‍, എക്സൈസ് സൈക്കിള്‍, ലെഗ് സ്ട്രെച്ചര്‍, സ്പിന്നര്‍, അബ്ഡൊമിനല്‍ ബോര്‍ഡ് തുടങ്ങിയ ഉപകരണങ്ങളാണ് ഓപ്പണ്‍ ജിമ്മിലുള്ളത്. 

ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് ലഘുഭക്ഷണത്തിനുള്ള സൗകര്യമൊരുക്കി ബാംബൂ കഫേയും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. പയ്യാമ്പലം നടപ്പാലത്തിന്റെ ഇടത് വശത്ത് രണ്ട് നിലകളിലായാണ് കഫേ പ്രവര്‍ത്തിക്കുന്നത്. വാച്ച് ടവറിന്റെ ആകൃതിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകള്‍ തട്ടിലിരുന്ന് ലഘുഭക്ഷണം കഴിക്കുന്നതിനൊപ്പം കടല്‍ കാഴ്ചകള്‍ ആസ്വദിക്കാനും കഴിയും. സാഹസിക വിനോദത്തിന്റെ ഭാഗമായി എല്ലാ വിഭാഗക്കാര്‍ക്കും ഉതകുന്ന രീതിയിലുള്ള പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. കാട്ടാമ്പള്ളി, ധര്‍മ്മടം, പാലക്കയംതട്ട് എന്നിവിടങ്ങളിലാണ് സാഹസിക വിനോദങ്ങള്‍ നിലവിലുള്ളത്. ഇത്തരത്തില്‍ ധര്‍മ്മടം തുരുത്ത്, മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്, പയ്യാമ്പലം ബീച്ച് എന്നിവയെ ബന്ധിപ്പിച്ച് സാഹസിക വിനോദ പദ്ധതിയും നടപ്പിലാക്കും. ഇതിന്റെ ആദ്യഘട്ടമെന്നോണം പയ്യാമ്പലത്ത് അഡ്വഞ്ചര്‍ പാര്‍ക്ക് സ്ഥാപിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയാണ് പാര്‍ക്കിന്റെ എസ്റ്റിമേറ്റ് തുക. സ്വിപ്പ് ബൈക്ക്, റോപ്പ് സൈക്കിള്‍ തുടങ്ങിയവ അഡ്വഞ്ചര്‍ പാര്‍ക്കിന്റെ ഭാഗമായി ഒരുക്കും. ഇതിന് പുറമെ കുട്ടികള്‍ക്കുള്ള റോക്ക് ക്ലൈംബിംഗ് മതിലുകളും, കടല്‍ക്കാഴ്ച പകര്‍ത്താന്‍ സാധിക്കുന്ന ഫോട്ടോ ഫ്രെയിം സംവിധാനം കണ്ണൂര്‍ ഐയും പയ്യാമ്പലത്തുണ്ട്. 

കണ്ണൂര്‍ വിമാനത്താവളം തുറന്നിടുന്ന ടൂറിസം സാധ്യതകള്‍ കൂടി മുന്നില്‍ക്കണ്ട് ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ സൗന്ദര്യവത്ക്കരണ പ്രവൃത്തികള്‍ ദ്രുതഗതിയിലാണിന്ന്. വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കണ്ണൂര്‍  കോര്‍പ്പറേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: