കനിമധുരം വിജയത്തിലേക്ക്;  വിതരണം ചെയ്തത് അഞ്ചുലക്ഷത്തിലധികം തൈകള്‍ 

ഭക്ഷ്യ സ്വയം പര്യാപ്തത ഉറപ്പ് വരുത്താന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2014 ല്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ കനിമധുരം വിജയത്തിലേക്ക്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മാരക വിഷാംശങ്ങളടങ്ങിയ പഴവര്‍ഗങ്ങളില്‍ നിന്നും നാടിനെ മോചിപ്പിക്കുകയും വിഷരഹിതവും ജൈവീകവുമായി കൃഷി ചെയ്യുക വഴി ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.   മണ്ണ് – ജലം – പരിസ്ഥിതി സംരക്ഷണമെന്ന ആശയങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകള്‍ , ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ നേത്യത്വത്തില്‍ കനിമധുരം നടപ്പിലാക്കുന്നത് . 2014 ല്‍ സീറോ ബജറ്റില്‍ ആരംഭിച്ച ഇന പദ്ധതിയുടെ ആദ്യ ഘട്ട ത്തില്‍ പതിനായിരത്തിലധികം തൈകളാണ് തൊഴിലുറപ്പ് ജീവനക്കാരുടെ സഹകരണത്തോടെ നട്ടുവളര്‍ത്തി സൗജന്യമായി വിതരണം ചെയ്തിരുന്നത്. ഇന്നത് അഞ്ചുലക്ഷത്തിലധികമായിരിക്കുകയാണ്. സോഷ്യല്‍ ഫോറസ്ട്രി, ഔഷധി എന്നിവയുടെ സഹകരണത്തോടെയാണ് തൈകള്‍ ശേഖരിച്ച് വിതരണം ചെയ്തുവരുന്നത്.  

 മികച്ച ആശയം നല്‍കി പദ്ധതിയെ ആദ്യഘട്ടത്തില്‍ വിജയിപ്പിച്ചെടുത്ത എം എല്‍ എക്ക് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി പ്രത്യേക ഉപഹാരവും നല്‍കിയിരുന്നു. തൈകള്‍ നട്ടുവളര്‍ത്തുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി സെമിനാറുകളും ബോധവല്‍ക്കരണ പരിപാടികളും ഇതിന്റെ ഭാഗമായി മണ്ഡലത്തില്‍ നടത്തിവരുന്നുണ്ട്. 2014 മുതല്‍ മുടങ്ങാതെ നടത്തുന്ന പദ്ധതിയില്‍ ഫെബ്രുവരി അവസാന വാരം ആകുമ്പോഴേക്കും തൈകള്‍ ശേഖരിക്കാനും നട്ട് വളര്‍ത്താനുമായി നഴ്‌സറികള്‍ സൗജമാകും. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ഫലവൃക്ഷതൈകളുടെഎണ്ണത്തില്‍ വര്‍ധനയുണ്ടാക്കാനാണ് അധികൃതരുടെ തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: