സ്ഥാനാര്‍ഥികള്‍ ജനുവരി 14ന് മുമ്പ്തെരഞ്ഞെടുപ്പ് ചെലവ് സമര്‍പ്പിക്കണം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഫലപ്രഖ്യാപനം വന്ന് 30 ദിവസത്തിനകം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുമ്പാകെയാണ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് സമര്‍പ്പിക്കേണ്ടത്. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട തീയതിക്കും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതിക്കും ഇടയ്ക്കുള്ള (രണ്ട് തീയതിയും ഉള്‍പ്പെടെ) ചെലവാണ് നല്‍കേണ്ടത്. നിശ്ചിത ഫോറത്തില്‍ (ഫോറം നമ്പര്‍ എന്‍ 30)ആണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. കണക്കിനോടൊപ്പം രസീത്, വൗച്ചര്‍, ബില്ല് തുങ്ങിയവയുടെ പകര്‍പ്പ് നല്‍കണം. ഒറിജിനല്‍ സ്ഥാനാര്‍ഥി സൂക്ഷിക്കുകയും വേണം. 2021 ജനുവരി 14 നകമാണ് തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കേണ്ടത്. ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി സ്ഥാനാര്‍ഥികള്‍ ജില്ലാ കലക്ടര്‍ക്കുമാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്.
തെരഞ്ഞെടുപ്പ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാനാര്‍ഥികളെ 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം 33 ഉം മുനിസിപ്പാലിറ്റി നിയമം 89 ഉം പ്രകാരം അയോഗ്യരാക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: