കുഞ്ഞുങ്ങളെ വഴി തെറ്റിക്കുന്ന ലഹരിമിഠായികൾ  വ്യാപകമെന്ന് പരാതി; നടപടികൾ കർശനമാക്കും  

പുകയില ഉൽപ്പന്നങ്ങൾ രൂപം മാറി വർണ്ണപ്പൊതികളിൽ ലഹരിമിഠായികളായി വിദ്യാർത്ഥകളിലെത്തുന്നത് വ്യാപകമായതായി പരാതി. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കാൻ ഡിസ്ട്രിക്റ്റ് ടൊബാക്കോ കൺട്രോൾ സെല്ലിന് (ഡിറ്റിസിസി) കീഴിൽ രൂപീകരിച്ച ജില്ലാതല കോഡിനേഷൻ കമ്മിറ്റിയുടെ (ഡിഎൽസിസി) പ്രഥമ യോഗം തീരുമാനിച്ചു. എഡിഎം എൻ. ദേവീദാസ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ വിദ്യാർഥികളിൽ പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം താരതമ്യേന കുറവാണെങ്കിലും ലഹരി പദാർത്ഥങ്ങൾ പുതിയ രൂപങ്ങളിൽ ചെറിയ കുട്ടികളെ വരെ ആകർഷിക്കുകയും ക്രമേണ ലഹരിക്കടിപ്പെടുകയും ചെയ്യുന്ന ഭീതിതമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് എഡിഎമ്മിന്റെ ചേമ്പറിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു. നാളത്തെ പൗരസമൂഹമായി മാറേണ്ട നമ്മുടെ കുഞ്ഞുങ്ങളെ ചെറുപ്രായത്തിൽ തന്നെ നഷ്ടപ്പെടുന്നതിൽ നിന്നും തിരിച്ചു കൊണ്ടുവരുന്നതിനുള്ള പ്രായോഗിക മാർഗങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തു. ജില്ലയിലെ എല്ലാ വിദ്യാലയ പരിസരത്ത് നിന്നും നൂറു വാരയ്ക്കകത്ത് (91 മീറ്റർ) പുകയില ഉത്പന്നങ്ങളും ലഹരി മിഠായികളും വിൽപ്പന നടത്തുന്നത് കർശനമായി തടയുമെന്നും കുറ്റക്കാർക്കെതിരേ ബാലാവകാശ നിയപ്രകാരം (ജെജെ ആക്ട്) ഏഴു വർഷം വരെ തടവ് കൂടാതെ  വിവിധ വകുപ്പുകൾ പ്രകാരം തടവും പിഴയും വിധിക്കുമെന്നും എഡിഎം വ്യക്തമാക്കി. ജില്ലയിൽ പ്രവർത്തിക്കുന്ന  വിദ്യാലയത്തിലോ, വിദ്യാലയം വക സ്ഥലങ്ങളിലോ, കളിസ്ഥലങ്ങളിലോ, വാഹനങ്ങളിലോ, വിദ്യാലയവുമായി ബന്ധപ്പെട്ട ഏതൊരു പരിപാടിയിലോ കുട്ടികൾ, മാതാപിതാക്കൾ, അദ്ധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പുകവലിക്കുന്നതും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിട്ടുള്ളതിനാൽ നിയമലംഘനം നടക്കുന്നത് കണ്ടാൽ പൊതുജനം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. ലഹരിമിഠായികൾ, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവയെ നിർമ്മാർജനം ചെയ്യാൻ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള ജില്ലാതല സ്‌ക്വാഡ് രൂപീകരിക്കാൻ തീരുമാനിച്ചു.

ലഹരിക്കെതിരേയുള്ള കോഡിനേഷൻ കമ്മിറ്റിയുടെ ആദ്യ ചുവടുവയ്പ്പായി മൂന്നു മുനിസിപ്പാലിറ്റിയിലെ ഓരോ സ്‌കൂളുകളിലും രക്ഷാകർതൃ സമിതി, സ്‌കൂളിലെ വിവിധ ക്ലബ്ബുകൾ, എസ്പിസി തുടങ്ങിയവയെ ഉൾപ്പെടുത്തി സമയബന്ധിതമായി പുകയില-ലഹരി മിഠായി രഹിത മേഖലയാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. കോട്പ ആക്ട് (സിഗറെറ്റ്‌സ് ആന്റ് അദർ ടൊബാക്കൊ ആക്ട്) സെക്ഷൻ 25 പ്രകാരമാണ് രാജ്യത്തെ എല്ലാ ജില്ലകളിലും കോഡിനേഷൻ കമ്മിറ്റി രൂപീകരിക്കുന്നത്. റെയ്ഡ് പോലുള്ള നടപടിക്രമങ്ങളിൽ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനായി പോലീസ്, എക്‌സൈസ്, റെയിൽവേ പോലീസ്, ആരോഗ്യം, ഫുഡ്‌സേഫ്റ്റി, വിദ്യാഭ്യാസം, എൻജിഒകൾ തുടങ്ങിയവയിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിക്കുന്നത്. ഡിസ്ട്രിക്റ്റ് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ഫിലിപ് തോമസ്, നാർകോട്ടിക് സെൽ ഡിവൈഎസ്പി നന്ദൻപിള്ള, ജില്ലാ മെഡിക്കൽ ഓഫീസർ എ.പി. ദിനേശ് കുമാർ, പുകയില നിയന്ത്രണം ജില്ലാ നോഡൽ ഓഫീസർ ഡോ. ഷാന്റോ, ജില്ലാ ടിബി ഓഫീസർ ഡോ. ടി.പി. ആമിന, ആർപിഎഫ് അസി. എസ്.ഐ സി.പി. സുരേഷ്, സ്റ്റേറ്റ് ടാക്‌സ് അസി. കമ്മീഷണർ വി.എം. ശ്രീകാന്ത്, ഫുഡ് സേഫ്റ്റി ഓഫീസർ പി. ഷാജി, ഹെൽത്ത് ലൈൻ ഡയറക്ടർ മോഹൻ മാങ്ങാട്, കേരള വളണ്ടറി ഹെൽത്ത് സെർവീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സാജു വി. ഇട്ടി, മുനിസിപ്പൽ ഹെൽത്ത് വിഭാഗം പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: