ലോകകപ്പ് ഫുട്ബോളിനെ ആവേശത്തോടെ വരവേറ്റ് അഴീക്കോട്

വലയിലേക്ക് കുതിച്ച ഓരോ പന്തും ഹർഷാരവങ്ങളോടെ കാണികൾ വരവേറ്റപ്പോൾ അത് കാൽപ്പന്തു കളിയുടെ വിശ്വ മാമാങ്കത്തിനുള്ള വരവേൽപ്പായി. ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കുന്നതിനായി അഴീക്കോട് മണ്ഡലത്തിൽ സംഘടിപ്പിച്ച സോക്കർ ഫെസ്റ്റ് ആരാധകർക്ക് ആവേശ കളിയാട്ടത്തിന്റെ തുടക്കമായി. ആദ്യ ഗോളടിച്ച് ഫുട്ബോൾ താരം സി കെ വിനീത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ലോകകപ്പ് ആരംഭിക്കുന്നതിനു മുന്നോടിയായി 5000 ഗോളുകളാണ് ഫെസ്റ്റിന്റെ ലക്ഷ്യം. ഇതിനായി വൻകുളത്ത് വയൽ ജംഗ്ഷനിൽ ഗോൾപോസ്റ്റ് ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഫെസ്റ്റിൽ പങ്കാളികളാകാം. പരിപാടിയുടെ ഭാഗമായി പൊതുജന റാലിയും സംഘടിപ്പിച്ചു.
വൻകുളത്ത് വയലിൽ നടന്ന പരിപാടിയിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബിനീഷ് കിരൺ, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, മുൻ എൻഎസ്ജി കാമാൻ്റൊ ശൗര്യ ചക്ര പി വി മനേഷ്, ടെലിവിഷൻ താരം രാജ് കലേഷ്, എസിപി രത്നകുമാർ എന്നിവർ പങ്കെടുത്തു.