റോഡ് നിർമ്മാണം പാതിവഴിയിൽ ജനങ്ങൾ പെരുവഴിയിൽ

ഇരിട്ടി : റോഡ് പുനർ നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ ദുരിതത്തിലായി നാട്ടുകാർ. 2018-19 കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മെക്കാഡം ടാറിംഗ് നടത്തി മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉളിക്കൽ കോക്കാട് – കണിയാർ വയൽ റോഡ് പ്രവർത്തി ആരംഭിച്ചത്. എന്നാൽ റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതാണ് നാട്ടുകാർക്ക് ദുരിതമായിരിക്കുന്നത് . ആരംഭിച്ച പ്രവർത്തി പല മേഖലകളിലും പുരോഗമിക്കുന്നുണ്ടെങ്കിലും തേർമല മുതൽ മഞ്ഞാങ്കരി വരെയുള്ള 3 കി.മീ. ദൂരത്ത് പല ഭാഗത്തും ചെളി നിറഞ്ഞ് വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണ്. ചെറു വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്. മോട്ടോർ ബൈക്കുകളും ഓട്ടോറിക്ഷകളുമാണ് ഇതിൽ ഏറെയും. മൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള സ്കൂളിലെത്താൻ സ്‌കൂൾ ബസ് 15 കിലോമീറ്റർ ചുറ്റിപ്പോകേണ്ട അവസ്ഥയാണ്. സഹികെട്ട പ്രദേശവാസികൾ നിരവധി തവണ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർത്തിയെങ്കിലും അവയൊന്നും ഫലം കണ്ടില്ല. ശക്തമായ മഴയാണ് തടസ്സമെന്നാണ് കരാറുകാർ പറയുന്നത്. എന്നാൽ ചെളിമാറ്റാനായി കോറ മാലിന്യങ്ങൾ പോലുള്ളവ ഇട്ട് കാൽനടയാത്രയെങ്കിലും സുഗമമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും പരിഗണിക്കാത്ത അവസ്ഥയാണുള്ളതെന്നാണ് നാട്ടുകാരുടെ പരാതി.
പരാതിക്കൊന്നും ഫലം കാണാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്ക് മുന്നിൽ നിവേദനവും പ്രതിഷേധവും അറിയിക്കാൻ നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിച്ചു. തായ്ക്കുണ്ടത്ത് ചേർന്ന പ്രതിഷേധ കമ്മിറ്റിയിൽ ഗോവിന്ദൻ നെല്ലിയോട് അധ്യക്ഷനായി. ആനന്ദ് ബാബു, ജോഷി വടക്കുന്നേൽ, അനൂപ് പനക്കൽ, ജോസഫ് ആയിത്താനം, ചിന്നമ്മ മുളയിങ്കൽ, ബിനോയ് മുണ്ടപ്പാക്കൽ, രാജീവൻ മാവില, തങ്കച്ചൻ ആയിത്താനം, എം.എ. ടോമി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: