പടിയൂര്‍ ഇക്കോ പ്ലാനറ്റില്‍ കാരവന്‍ ടൂറിസം സാധ്യതകള്‍ പരിശോധിക്കും: മന്ത്രി മുഹമ്മദ് റിയാസ്

0

പടിയൂര്‍ ഇക്കോ പ്ലാനറ്റില്‍ കാരവന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പടിയൂരില്‍ ഇക്കോ പ്ലാനറ്റ് പടിയൂര്‍-പഴശ്ശി ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെല്‍നെസ് ടൂറിസത്തിന് വലിയ പ്രചാരമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കുന്നത്. ഇതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കേരളം ശ്രമിക്കും. വെല്‍നെസ് ടൂറിസത്തില്‍ അതിപ്രധാനമാണ് ആയൂര്‍വ്വേദം.  പടിയൂരിന് ഇക്കാര്യത്തില്‍ ഏറെ സാധ്യതകളുണ്ട്. പടിയൂര്‍ ഇക്കോ പ്ലാനറ്റിനെ മുന്‍നിര്‍ത്തി കര്‍ണ്ണാടകയിലെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. അനുകൂല സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
പഴശ്ശി ജലസേചന പദ്ധതിയുടെ റിസര്‍വോയറിന്റെ ഭാഗമായ 68 ഏക്കറോളം വരുന്ന പുല്‍ത്തകിടി  പ്രദേശത്താണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ട പ്രവൃത്തികള്‍ക്ക് 5.66 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. തുടക്കത്തില്‍ പടിയൂര്‍ ടൗണില്‍ നിന്ന് പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നവീകരിക്കും. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള 800 മീറ്റര്‍ റോഡും സ്വകാര്യ വ്യക്തികളുടെ സ്ഥലവും പ്രയോജനപ്പെടുത്തി ഒരു കിലോമീറ്റര്‍ റോഡ് എട്ട് മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന് 1.35 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ബാക്കി തുക പൂന്തോട്ട നിര്‍മാണത്തിനും പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും വിനിയോഗിക്കും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൂന്തോട്ടം, പാര്‍ക്കുകള്‍, പദ്ധതി പ്രദേശത്തെ തുരുത്തുകള്‍ ബന്ധിപ്പിച്ചുള്ള പാലങ്ങള്‍, ബോട്ട് സര്‍വീസ് എന്നിവയാണ് പ്രധാനമായും നടപ്പാക്കുന്നത്. ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തിയാകുന്ന മുറക്ക് രണ്ടാം ഘട്ടത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കി ടൂറിസം വകുപ്പിന് കൈമാറും.
ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിക്കാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. കിഡ്കിനാണ് നിര്‍വ്വഹണ ചുമതല.
പഴശ്ശി റിസര്‍വോയറും സ്റ്റേറ്റ് ഹൈവേയും തമ്മില്‍ ചേരുന്ന പൂവ്വത്താണ് പ്രൊജക്ടിന്റെ എന്‍ട്രന്‍സ് പോയിന്റായി വരിക. ഇവിടെ നിന്നും പഴശ്ശി ഡാമിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരത്തിലും ഇരിട്ടി ടൗണിലേക്ക് എട്ട് കിലോമീറ്റര്‍ ദൂരത്തിലും ബോട്ട് സര്‍വ്വീസ്, ഏകദേശം ഒന്നരകിലോമീറ്റര്‍ നീളത്തില്‍ റോപ്പ് വേയും ഇതേ നീളത്തില്‍ ചങ്ങാടം, സ്റ്റേറ്റ് ഹൈവേയില്‍ നിന്നും റബ്ബര്‍ ബോര്‍ഡ് സ്ഥലത്തിന്റെ അതിര്‍ത്തിയിലൂടെ മഞ്ചേരിപ്പറമ്പ് വരെ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ഡ്രൈവ് വേ, പഴശ്ശി ഡാം മുതല്‍ പൂവ്വംവരെ രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ മറ്റൊരു ഡ്രൈവ് വേ എന്നിവ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്. പഴശ്ശി അണക്കെട്ട്, അന്താരാഷ്ട്ര വിമാനത്തവളം, അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം, സ്റ്റേറ്റ് ഹൈവേ, സര്‍ക്കാര്‍ കിന്‍ഫ്രക്കായി ഏറ്റെടുക്കുന്ന സ്ഥലം എന്നിവയാണ് പദ്ധതിയുടെ അനുകൂല ഘടകങ്ങള്‍.
കെ കെ ശൈലജ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീന്‍, വൈസ് പ്രസിഡണ്ട് ആര്‍ മിനി, ജില്ലാ പഞ്ചായത്തംഗം എന്‍ പി ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ അനിത, ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ കെ എസ് ഷൈന്‍, ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സാബു, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ് കെ രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading