വിഭജനകാലത്തിനു സമാനമായ സ്ഥിതിയെ ഇന്ത്യ ഭയക്കേണ്ടതുണ്ട്:
തുഷാർ ഗാന്ധി

പയ്യന്നൂർ: ഗാന്ധിജിയുടെ ജീവിതാന്ത്യത്തിലെ നാലു വർഷങ്ങളിൽ നേരിടേണ്ടി വന്നതു പോലെ വെറുപ്പിൻ്റെയും വിഭാഗീയതയുടെയും അന്തരീക്ഷത്തിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അതു തടയാൻ ഗാന്ധിജിയുടെ രക്തസാക്ഷിത്വം അന്ന് സംഭവിച്ചുവെങ്കിൽ ഇന്ന് ഒരു പ്രത്യാശയുമില്ലാത്ത അവസ്ഥയാണെന്നും തുഷാർ ഗാന്ധി അഭിപ്രായപ്പെട്ടു. വെറുപ്പിൻ്റെ ശക്തികൾ വിഭജനത്തിൻ്റെ പേരിൽ ഗാന്ധിജിയെ കുറ്റപ്പെടുത്തുന്നുവെങ്കിലുംകപട ദേശഭക്തരായ ആളുകൾ വിഭജനത്തെ തടയാൻ യാതൊന്നും ചെയ്തില്ല എന്നതാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിഭജിച്ച് ഭരിക്കുക എന്നതാണ് ഭരണാധികാരികൾ ഇന്നും പിന്തുടരുന്ന നയം. ഗാന്ധിജി സ്വാധീനിച്ചു എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി യഥാർത്ഥത്തിൽ ഗാന്ധിജിയുടെ കുരങ്ങന്മാരെയാണ് പിന്തുടരുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു.. ഗോഡ്സെ ഗാന്ധിജിക്ക് നൽകിയ മരണം ഗാന്ധിജിക്ക് അനുഗ്രഹമായി മാറി. അല്ലെങ്കിൽ നിരവധി തവണ അദ്ദേഹം ഇഞ്ചിഞ്ചായി മരിക്കുമായിരുന്നു.
അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ ഗാന്ധി സ്മൃതി സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു തുഷാർ ഗാന്ധി. ഗ്രന്ഥാലയം പ്രസിഡണ്ട് വി.എം.ദാമോദരൻ അധ്യക്ഷത വഹിച്ചു .ഡോ: എം.പി.മത്തായി ആമുഖഭാഷണം നടത്തി.ഡോ.ജേക്കബ് വടക്കഞ്ചേരി ,കെ.വി.മുകേഷ് എന്നിവർ പ്രസംഗിച്ചു. സി.വി.വിനോദ് കുമാർ സ്വാഗതവും യു.രാജേഷ് നന്ദിയും പറഞ്ഞു.