തുലാമാസത്തില്‍ ഉണരേണ്ട തെയ്യക്കാവുകളില്‍ നിന്ന് അനിശ്ചിതത്വത്തിെന്‍റ കാര്‍മേഘങ്ങള്‍ മായാതായതോടെ പ്രതീക്ഷയസ്തമിച്ച്‌ നൂറുകണക്കിന് തെയ്യം കലാകാരന്മാര്‍

പയ്യന്നൂര്‍: തുലാമാസത്തില്‍ ഉണരേണ്ട തെയ്യക്കാവുകളില്‍ നിന്ന് അനിശ്ചിതത്വത്തിെന്‍റ കാര്‍മേഘങ്ങള്‍ മായാതായതോടെ പ്രതീക്ഷയസ്തമിച്ച്‌ നൂറുകണക്കിന് തെയ്യം കലാകാരന്മാര്‍.

കഴിഞ്ഞ സീസണില്‍ പാതിവഴി നിലച്ച കളിയാട്ടക്കാലം തുലാമാസത്തില്‍ വീണ്ടും താളമിടുമെന്ന പ്രതീക്ഷയാണ് തകര്‍ന്നടിഞ്ഞത്. ഒരു ദിവസം മാത്രം ഒരു തെയ്യം കെട്ടാന്‍ അനുമതി ജില്ല ഭരണകൂടങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇത് പ്രായോഗികമാവില്ലെന്നാണ് കലാകാരന്മാരും ക്ഷേത്രേശന്മാരും പറയുന്നത്.

ആളും ആരവവുമാണ് കളിയാട്ടക്കാവുകളുടെ മുഖമുദ്ര. മുമ്പ് നിശ്ചയിച്ച്‌ നടത്തിവരാറുള്ള അനുഷ്ഠാനമാണ് തെയ്യം. അതുകൊണ്ട് നിയന്ത്രണ വിധേയമായി കളിയാട്ടം നടത്തുക അസാധ്യമാണ്.ഇതാണ് ഈ സീസണിലെയും തെയ്യം അനിശ്ചിതത്വത്തിലാക്കിയത്.

മാത്രമല്ല, ആളുകള്‍ കുറയുന്നത് സാമ്പത്തിക ഞെരുക്കത്തിനും കാരണമാവും. കഴിഞ്ഞ സീസണില്‍ തന്നെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നൂറുകണക്കിന് തെയ്യം കലാകാരന്മാരുടെ ജീവിതം വൈറസ് തകര്‍ത്തെറിഞ്ഞു. ഈ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. തുലാം പിറന്നാല്‍ ചെണ്ടപ്പുറത്ത് കോലുവീഴാത്ത ഗ്രാമങ്ങള്‍ രണ്ടു ജില്ലകളിലും വിരളമാണ്. പൂരോത്സവം, വിഷുവിളക്ക് തുടങ്ങി ഏറെ തിരക്കുള്ള സന്ദര്‍ഭത്തിലാണ് കഴിഞ്ഞ സീസണില്‍ കോവിഡ് ഭീതിയില്‍ കാവുകളില്‍ കളിയാട്ടം നിലച്ചത്.

നൂറുകണക്കിന് കാവുകളും തറവാടുകളും കൊയ്തൊഴിഞ്ഞ പാടങ്ങളും സജീവമാക്കിയ തെയ്യക്കാലം ഇല്ലാതായത് ചരിത്രത്തിലാദ്യമാണെന്ന് കലാകാരന്മാര്‍ പറയുന്നു.

ആറുമാസം ഉറഞ്ഞാടി കാവുകളുണര്‍ത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിലാണ് ഇവര്‍ ഒരു വര്‍ഷം ജീവിക്കുന്നത്. മാത്രമല്ല, ഊണുമുറക്കവുമൊഴിഞ്ഞ് ശരീരം വരിഞ്ഞുമുറുക്കുന്നതിലൂടെയും തീയാട്ടത്തിലൂടെയും ശരീരത്തിനേല്‍ക്കുന്ന പരിക്കുകളും ചെറുതല്ല. ഇതിനുള്ള കര്‍ക്കടക മാസത്തിലെ ആശുപത്രിവാസവും ചികിത്സയും ഇല്ലാതായി. ഇടവപ്പാതി കഴിഞ്ഞാല്‍ പൊടിതട്ടി ഭദ്രമായി വെക്കുന്ന ആടയാഭരണങ്ങള്‍ തുലാമാസത്തിലാണ് പുറത്തെടുത്ത് പുതുക്കുക. തുലാപ്പത്തിനാണ് മിക്ക കാവുകളും ഉണരുക.

സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായങ്ങളും സൗജന്യ റേഷനുമൊക്കെ ലഭിച്ചുവെങ്കിലും നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ ഒരിക്കലും തിരിച്ചുകിട്ടില്ല. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും ശക്തമാണ്.

മലബാര്‍ ദേവസ്വം ബോര്‍ഡ് ആചാര സ്ഥാനികര്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക ആനുകൂല്യം തങ്ങള്‍ക്കുകൂടി ലഭിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ഇവര്‍ പറയുന്നു. വണ്ണാന്‍, മലയന്‍, വേലന്‍, ചിങ്കത്താന്‍, പുലയ സമുദായങ്ങളാണ് പ്രധാനമായി തെയ്യം കെട്ടിയാടുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: