ഹജ്ജ് അപേക്ഷ സ്വീകരണം നാളെ; നറുക്കെടുപ്പ് ഡിസംബറില്

കൊണ്ടോട്ടി- 2019 ഹജ് തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ഹജ് കമ്മിറ്റി ആക്ഷൻ പ്ലാൻ പുറത്തിറക്കി. ഹജ് അപേക്ഷ സ്വീകരണം മുതൽ ഹജ് മടക്ക വിമാന സർവ്വീസുകൾ വരെ ക്രമീകരിച്ചുകൊണ്ടാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഹജ് പ്രഖ്യാപനം ഇന്ന് നടക്കും. ഹജ് അപേക്ഷ സ്വീകരണം നാളെ മുതൽ ആരംഭിക്കും. ഒക്ടോബർ 18 വരെ അപേക്ഷ നൽകാം. അപേക്ഷകളിലെ നറുക്കെടുപ്പ് ഡിസംബർ അവസാന ആഴ്ച നടക്കും. ഡിസംബറിൽ ഇന്ത്യയിൽ നിന്നുളള പ്രതിനിധി സംഘം സൗദിയിലെത്തി ഹജ് കരാറിലേർപ്പെടും.

ഒക്ടോബറിൽ ഹജ് എംബാർക്കേഷൻ പോയന്റുകളിൽ നിന്ന് സർവ്വീസ് നടത്തേണ്ട വിമാന കമ്പനികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കും. ജനുവരിയിൽ ഹജ് സർവ്വീസിന് വിമാന കമ്പനികളുമായി കരാറിലേർപ്പെടും. തീർത്ഥാടകരുടെ ആദ്യഗഡു തുക ജനുവരി ആദ്യത്തിലാണ് അടയ്‌ക്കേണ്ടത്. പാസ്‌പോർട്ടും പണമടച്ച പേ-ഇൻ സ്ലിപ്പും ജനുവരി 31 നകം നൽകണം. ഹജ് തീർത്ഥാടകർക്ക് മക്കയിലും മദീനയിലും താമസ സൗകര്യങ്ങൾ കണ്ടെത്താനുളള സംഘം ഒക്ടോബറിലും ജനുവരിയിലും രണ്ടും സംഘങ്ങളായി മക്കയിലെത്തും. ആദ്യ സംഘം താമസത്തിനുളള കെട്ടിടങ്ങൾ പരിശോധിച്ച് വാടക നിശ്ചയിക്കും. രണ്ടാം സംഘമാണ് കെട്ടിട ഉടമകളുമായി കരാറുണ്ടാക്കുക.

ഫെബ്രുവരിയിലാണ് ഓൾ ഇന്ത്യ ഹജ് കോൺഫറൻസ്. ഏപ്രിൽ അവസാനത്തിലാണ് രണ്ടാം ഗഡു പണം അടയ്‌ക്കേണ്ടത്. മെയ് 13 നകം ഹജ് വിസ സ്റ്റാമ്പിംഗ് പൂർത്തിയാവും. ജൂലൈ ഒന്നിനാണ് ഹജ് വിമാന സർവ്വീസുകൾ ആരംഭിക്കുക. അവസാന ഹജ് വിമാനം ഓഗസ്റ്റ് മൂന്നിന് പുറപ്പെടും. ഹജ് കഴിഞ്ഞുളള മടക്ക സർവ്വീസുകൾ ഓഗസ്റ്റ് 14 മുതൽ ആരംഭിക്കും.

വ്യോമയാന മന്ത്രാലയം, കേന്ദ്ര മൈനോറിറ്റി വിഭാഗം, കേന്ദ്ര ഹജ് കമ്മറ്റി, കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ജിദ്ദ സംയുക്തമായാണ് ഹജ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഈ മാസം 11 ന് നടന്നു കഴിഞ്ഞ വർഷത്തെ ഹജ് റിവ്യൂ മുതൽ അവസാന വിമാനത്തിന്റെ തീയതി ഉൾപ്പെടെ 31 ഇന കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് 2019 ലെ ഹജ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: