മാപ്പിളപ്പാട്ട് ഗായകൻ എം.കുഞ്ഞിമ്മൂസ നിര്യാതനായി

പഴയ കാല മുൻനിര മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ വടകര എം.കുഞ്ഞിമ്മൂസ (90) നിര്യാതനായി. തലശ്ശേരി മൂലക്കാലിൽ കുടുംബാംഗമാണ്. വടകര മൂരാടാണ് താമസം. 1970 മുതൽ നിറഞ്ഞു നിന്ന ‘കതിർ കത്തും റസൂലിന്റെ ‘ , ‘യാ ഇലാഹീ’, ‘ഖോജരാജാവേ’ , ‘ദറജപ്പൂ ‘ തുടങ്ങി നൂറുകണക്കിന് പാട്ടുകളിലൂടെ പ്രശസ്തനായി.ആകാശവാണിയിൽ സ്ഥിരം ഗായകനായിരുന്നു. നിരവധി ലളിതഗാനങ്ങളും പാടിയിട്ടുണ്ട്. സ്വന്തമായി പാട്ടുകൾ എഴുതുകയും ഈണം നൽകുകയും ചെയ്തു. തലശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസ പ്രശസ്ത സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റരുടെ പിന്തുണയോടെ ഗാന രംഗത്ത് സജീവമായി. നേരത്തേ തലശ്ശേരി മ്യൂസിക് ക്ലബ്, ജനത സംഗീത സഭ തുടങ്ങിയവയുടെ പ്രവർത്തകനായിരുന്നു. കേരളത്തിലെ പ്രശസ്ത ഗായകനായി നിറഞ്ഞു നിൽക്കേ ബഹറൈനിലേക്ക് പോയി. അവിടെ ദീർഘകാലം പ്രവാസിയായിരുന്നു. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ”പാട്ടും ചുമന്നൊരാൾ” എന്ന ജീവചരിത്രകൃതി ഇദ്ദേഹത്തെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ടു. യുവഗായകൻ താജുദ്ദീൻ വടകര അടക്കം 8 മക്കളുണ്ട്. മുൻകാല ഗസൽ ഗായകൻ പരേതനായ എം.എ.ഖാദർ സഹോദരനാണ്. ഖബറടക്കം വൈകുന്നേരം വടകരയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: