ശബരിമലയില്‍ എ.കെ സുധീര്‍ നമ്പൂതിരിയും മാളികപ്പുറത്ത് എംഎസ് പരമേശ്വരന്‍ നമ്പൂതിരിയും മേല്‍ശാന്തിമാര്‍

അടുത്ത ഒരുവര്‍ഷക്കാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. തിരൂര്‍ തിരുനാവായ അരീക്കര മനയിലെ എ.കെ. സുധീര്‍ നമ്പൂതിരിയെയാണ് ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു.മലബാറിലെ മേജർ ക്ഷേത്രങ്ങളിലെല്ലാം ഇദ്ദേഹം മേല്‍ശാന്തിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. മാളികപ്പുറം മേല്‍ശാന്തിയായി ആലുവ പാറക്കടവ് മാടവന മനയിലെ എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയെയാണ് തിരഞ്ഞെടുത്തത്. നറുക്കെടുപ്പിനായി മലകയറിയെത്തിയ പന്തളം കൊട്ടാരത്തിലെ മാധവ് കെ. വര്‍മയും, കാഞ്ചന കെ. വര്‍മയുമാണ് ശബരിമല മല മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്. രണ്ട് വെള്ളിക്കുടങ്ങാണ് നറുക്കെടുപ്പിന് ഉപയോഗിച്ചത്.കഴിഞ്ഞ എട്ട്, ഒമ്പത് തീയതികളില്‍നടന്ന അഭിമുഖത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ രണ്ട് ക്ഷേത്രങ്ങളിലേക്കും ഒമ്പത് പേരുടെ വീതം പട്ടിക തയ്യാറാക്കി ഇവരുടെ പേരുകള്‍ എഴുതിയ സ്ലിപ്പുകള്‍ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചു.ഇക്കൊല്ലംമുതല്‍ മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ കന്നിമാസം ഒന്നുമുതല്‍ 31 വരെ ശബരിമലയിലും മാളികപ്പുറത്തുമായി ഭജനമിരിക്കണം.ക്ഷേത്രപൂജകളും കാര്യങ്ങളും കൂടുതലായി മനസ്സിലാക്കാനാണ് ഇത്തരത്തിലുള്ള പരിശീലനം. മണ്ഡലമാസപൂജകള്‍ക്കായി ശബരിമലനട തുറക്കുന്ന ദിവസമായിരിക്കും നിയുക്ത മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ്. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാരാണ് ഇരുക്ഷേത്രവും തുറക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: