മഴക്കെടുതി: 18 വീടുകൾ ഭാഗികമായി തകർന്നു

കാലവർഷക്കെടുതിൽ ജില്ലയിൽ നാശനഷ്ടം തുടരുന്നു. 18 വീടുകൾ കൂടി ഭാഗികമായി തകർന്നു. തലശ്ശേരി താലൂക്കിൽ അഞ്ച്, ഇരിട്ടിയിൽ ഒമ്പത്, കണ്ണൂരിൽ ഒന്ന്, പയ്യന്നൂരിൽ മൂന്ന് വീടുകളുമാണ് തകർന്നത്. തലശ്ശേരി താലൂക്കിലെ തൃപ്പങ്ങോട്ടൂർ ചക്കോത്തിന്റെ ദാമു, പാനൂരിലെ കുന്നിന്റെമുകളിൽ ഷാജി, കൊളവല്ലൂരിലെ തൂവക്കുന്ന് ശോഭ, ന്യൂമാഹിയിലെ കെ ടി ഉഷ, പെരിങ്ങത്തൂർ പടിഞ്ഞാറെ പാലുള്ളതിൽ രാധ എന്നിവരുടെ വീടുകൾക്കാണ് മരം വീണ് നാശനഷ്ടമുണ്ടായത്. മൊകേരിയിലെ ശ്രീശിവത്തിലെ ശ്രീജയുടെ വീടിനു ചുറ്റും വെള്ളംകയറി.ഇരിട്ടി താലൂക്കിലെ പയഞ്ചേരിയിൽ തെങ്ങ് പൊട്ടിവീണ് വളയങ്ങാടൻ രാധയുടെ വീടും ബൈത്തുൽ ഹാലിയയിലെ പി വി മുസ്തഫയുടെ വീട്ടുമതിലും ഭാഗികമായി തകർന്നു. കോളാരി വില്ലേജിലെ വരയത്ത് മാധവിയുടെ വീട് ഭാഗികമായി തകർന്നു. മരം വീണ് തില്ലങ്കേരി കാവുംപടിയിലെ സുലോചനയുടെയും കിളിയന്തറയിലെ മഠത്തിൽ വീട്ടിൽ ജോണിന്റെയും വീട് ഭാഗികമായി തകർന്നു.പയ്യന്നൂർ താലൂക്കിലെ പാണപ്പുഴ വില്ലേജിൽ പാറപ്പുറത്ത് പാത്തുമ്മയുടെ വീടിന്റെ മേൽക്കൂര തകർന്നു. രാമന്തളി വില്ലേജിലെ ടി വി ലക്ഷ്മിക്കുട്ടി, പയ്യന്നൂർ വില്ലേജിലെ എം ചന്ദ്രമതി എന്നിവരുടെ വീട് മരം വീണ് ഭാഗികമായി തകർന്നു. കണ്ണൂർ താലൂക്ക് ചെമ്പിലോട് വില്ലേജിലെ പത്മിനിയുടെ വീടും ഭാഗികമായി തകർന്നു.