സിറ്റി റോഡ് വികസന പദ്ധതിയില്‍ നല്‍കുന്നത് മികച്ച പുനരധിവാസ പാക്കേജ്

സിറ്റി റോഡ് വിസന പദ്ധതി നടപ്പിലാക്കുന്നതിനായി ഭൂമിയും മറ്റും വിട്ടുനല്‍കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് മികച്ച പുനരധിവാസ പാക്കേജ്. വിട്ടുനല്‍കുന്ന ഭൂമിയുടെ അടിസ്ഥാന വിലയുടെയും അതിലെ മരങ്ങള്‍, കൃഷി, കെട്ടിടങ്ങള്‍ എന്നിവയുടെ പുതിയ നിരക്കില്‍ കണക്കാക്കുന്ന നഷ്ടപരിഹാരത്തുകയുടെയും ഇരട്ടി തുകയാണ് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കോര്‍പറേഷന്‍ പരിധിയില്‍ ലഭിക്കുക.
പഞ്ചായത്തുകളില്‍ വിട്ടു നല്‍കുന്ന ഭൂമിക്ക് നഗരപരിധിയില്‍ നിന്ന് ദൂരം കൂടുന്നതിന് അനുസരിച്ച് അടിസ്ഥാന വിലയോട് നിശ്ചിത ശതമാനം തുക അധികം ചേര്‍ത്താണ് ഭൂമി വില കണക്കാക്കുക. അതിനോട് ഭൂമിയിലെ മറ്റ് വസ്തുക്കളുടെ വില കൂടി കൂട്ടി അതിന്റെ ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കും. കോര്‍പറേഷന്‍ പരിധിയില്‍ നിന്ന് 10 കിലോമീറ്റര്‍ വരെ അകലെയുള്ള പ്രദേശങ്ങളില്‍ അടിസ്ഥാന വിലയുടെ 20 ശതമാനവും 10 മുതല്‍ 20 കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളില്‍ 40 ശതമാനവും 20 മുതല്‍ 30 കിലോമീറ്റര്‍ വരെ 60 ശതമാനവും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ 80 ശതമാനവും 40 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള പ്രദേശങ്ങളില്‍ 100 ശതമാനവും തുക അധികമായി ചേര്‍ത്ത് ഭൂമി വില കണക്കാക്കും. ഇതുപ്രകാരം കോര്‍പറേഷനില്‍ നിന്ന് 40 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള പ്രദേശത്തെ ഒരു സെന്റ് ഭൂമിക്ക് ഒരു ലക്ഷം രൂപയാണ് അടിസ്ഥാന വിലയെങ്കില്‍ അതിന്റെ 100 ശതമാനമായ ഒരു ലക്ഷം രൂപ കൂടി ചേര്‍ത്താല്‍ ലഭിക്കുന്ന രണ്ട് ലക്ഷത്തിന്റെ ഇരട്ടി തുകയായ നാലു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക.
ഇതോടൊപ്പം നഗരപരിധിക്കും പുറത്തും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 11 (ഒന്ന്) വിജ്ഞാപനം വന്നതു മുതല്‍ നഷ്ടപരിഹാരത്തുക ലഭിക്കുന്നതു വരെയുള്ള കാലയളവില്‍ തുകയ്ക്ക് 12 ശതമാനം വാര്‍ഷിക പലിശയും നല്‍കും.
പദ്ധതിയുടെ ഭാഗമായി വിട്ടുനല്‍കുന്ന കടകളുടെ വാടകക്കാര്‍ക്ക് 2000 ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള ഫര്‍ണിഷ് ചെയ്യാത്ത കടകളാണെങ്കില്‍ 50,000 രൂപയും ഷിഫ്റ്റിംഗ് ചാര്‍ജായി 50,000 രൂപയും നല്‍കും. ഫര്‍ണിഷ് ചെയ്ത കടകളാണെങ്കില്‍ രണ്ട് ലക്ഷം രൂപയും 50,000 രൂപ ഷിഫ്റ്റിംഗ്് ചാര്‍ജും നല്‍കും. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും നിശ്ചിത സംഖ്യ നഷ്ടപരിഹാരമായി നല്‍കാനും പുനരധിവാസ പാക്കേജില്‍ വ്യവസ്ഥയുണ്ട്. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം വരുന്നതിന് മൂന്ന് വര്‍ഷം മുമ്പ് മുതല്‍ ഈ കടകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇത് ലഭിക്കുക. ഇവര്‍ ലേബര്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തവരുരമായിരിക്കണം. മാസം 6000 രൂപ തോതില്‍ ആറു മാസത്തെ തുകയായ 36,000 രൂപയായിരിക്കും നഷ്ടപരിഹാരമെന്ന് പദ്ധതിയുടെ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ സി ദേവേഷ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: