ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തുള്ള മുഴുവൻ കടകളും തിങ്കളാഴ്ച കടകൾ തുറക്കാം; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശനം


സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബക്രീദ് പ്രമാണിച്ച് ഡി മേഖലയിൽ തിങ്കളാഴ്ച ഒരു ദിവസം കടകൾ തുറക്കാം. നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ ഡി കാറ്റഗറി മേഖലയിൽ ബാധകമായിരുന്നില്ല. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും നിയന്ത്രണങ്ങൾ തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ ഈ രീതിയിൽ തുടർന്നതുകൊണ്ടാണ് രോഗവ്യാപനം പിടിച്ചു നിർത്താൻ സാധിച്ചത്. ഇത് തുടരണം. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശനമാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളുടെ ചുമതലയുള്ളവർ ആളുകളുടെ എണ്ണം ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണം. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവർക്കായിരിക്കും പ്രവേശനാനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എ, ബി, സി കാറ്റഗറിയിൽപ്പെടുന്ന മേഖലകളിൽ ഇലക്ട്രോണിക് ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കാം. രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തനാനുമതി.

എ, ബി വിഭാഗത്തിൽപ്പെടുന്ന മേഖലകളിലുള്ള ബ്യൂട്ടി പാർലർ, ബാർബർ ഷോപ്പ് എന്നിവിടങ്ങൾ ഹെയർ സ്റ്റൈലിംഗിനായി തുറന്ന് പ്രവർത്തിക്കാം. ഒരു ഡോസ് വാക്‌സിനെടുത്തവരായിരിക്കണം ഇത് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സീരിയൽ ഷൂട്ടിംഗിന് അനുമതി നൽകിയതുപോലെ സിനിമാ ചിത്രീകരണത്തിനും അനുമതി നൽകി. കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും പ്രവർത്തകർ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എഞ്ചിനീയറിംഗ്, പോളിടെക്‌നിക് കോളജുകളിൽ പരീക്ഷകൾ നടക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റലുകളിൽ താമസിക്കാൻ അനുവാദം നൽകാൻ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ക്രമീകരണങ്ങൾ അടുത്ത യോഗം വിലയിരുത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: