ജില്ലയിൽ വിധവാ സഹായകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു


കണ്ണൂർ: വിധവകള്‍ക്ക് വേണ്ടി മാത്രമായി കേരളത്തിലെ ആദ്യത്തെ സഹായ കേന്ദ്രം ജില്ലയില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിധവകളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. സിവില്‍ സ്റ്റേഷനിലെ വനിത ശിശു വികസന വകുപ്പ് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിനോട് ചേര്‍ന്നാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.
ആദ്യഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ വിധവകളുടെയും രജിസ്‌ട്രേഷന്‍, ഹെല്‍പ് ലൈന്‍ -ഹെല്‍പ് ഡെസ്‌ക് സേവനങ്ങള്‍ എന്നിവയാണ് ലക്ഷ്യം വെക്കുന്നത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചാല്‍ സ്വയം തൊഴില്‍ പരിശീലനം, സൗജന്യ നിയമ സഹായം, കൗണ്‍സലിംഗ്, പോലീസ് സഹായം, പുനരധിവാസം എന്നിവയും കേന്ദ്രത്തിലൂടെ വിഭാവനം ചെയ്യുന്നു. ജില്ലയിലെ വനിതാ സംഘടനയായ ഇന്നര്‍ വീല്‍ ക്ലബ്ബിന്റെ സഹകരണത്തോടെയാണ് സഹായ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
ചടങ്ങില്‍ എഡിഎം കെ കെ ദിവാകരന്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ആര്‍ഡിഒ ഇ പി മേഴ്‌സി, ഡിഎല്‍എസ്എ രാമുരമേഷ് ചന്ദ്രഭാനു, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ദേനാ ഭരതന്‍, ഇന്നര്‍ വീല്‍ ക്ലബ് കാനന്നൂര്‍ പ്രസിഡണ്ട് ലാവണ്യ ആല്‍ബീ, ക്ലബ് സെക്രട്ടറി സോനം അജയ് ധ്രുവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: