യുഎഇയില്‍ തിരിച്ചെത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം; ക്വാറന്റീൻ ലംഘിച്ചാൽ വൻപിഴ: കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎഇ

ദുബായ് :യുഎഇയിൽ തിരിച്ചെത്തുന്ന താമസ വീസക്കാർ ക്വാറന്റീന്‍ നിയമം ലംഘിച്ചാൽ 10 ലക്ഷത്തിലേറെ രൂപ (അരലക്ഷം ദിർഹം) പിഴയൊടുക്കേണ്ടി വരുമെന്ന് ദേശീയ അടിയന്തര നിവാരണ വിഭാഗം അറിയിച്ചു. മന്ത്രിസഭാ തീരുമാനം നമ്പര്‍ 17 /2020 പ്രകാരമാണ് നിയമം പ്രാബല്യത്തിൽ വന്നത്.  വീടുകളില്‍ ക്വാറന്റീൻ കഴിയേണ്ടതു സംബന്ധിച്ച നിയമാവലികൾ കർശനമായി പാലിക്കണം. ആരോഗ്യ നിബന്ധനകളനുസരിച്ചുള്ള നടപടികൾ അനുസരിക്കാത്തവർക്കെതിരെയും പിഴ ചുമത്തും.

14 ദിവസമാണ് ക്വാറന്റീനിലിരിക്കേണ്ടത്. കോവിഡ‍് വ്യാപനം കുറവുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർ 7 മുതൽ 14 ദിവസം വരെ ക്വാറന്റീൻ ചെയ്താലും മതിയാകും. വീടുകളിലായാലും അധികൃതർ നിർദേശിക്കുന്ന ക്വാറന്റീൻ കേന്ദ്രത്തിലായാലും ഇതിനുള്ള ചെലവു അവരവർ തന്നെ വഹിക്കേണ്ടതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ, വരുന്നവരുടെ ക്വാറന്റീൻ ചെലവുകൾ അയാൾ ജോലി ചെയ്യുന്ന കമ്പനികളും വഹിക്കണം.

covid-test-air-india

അംഗീകൃത ലബോറട്ടറികളിൽ പരിശോധന

യുഎഇയിലേയ്ക്ക് തിരിച്ചെത്തുന്നവരെല്ലാം അംഗീകൃത ലബോറട്ടറികളിൽ നിന്ന് കോവിഡ് –19 നെഗറ്റീവാണെന്ന സർടിഫിക്കറ്റ് കരസ്ഥമാക്കണം. ലോകത്തെ 17 രാജ്യങ്ങളിലെ 106 നഗരങ്ങളിൽ അംഗീകൃത ലബോറട്ടറികളെ തിരിഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലേക്ക് വരുന്നവർ സർക്കാർ അംഗീകരിച്ച ലാബിൽ നിന്ന് പിസിആർ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം. ഇത് യാത്രയ്ക്ക് 96 മണിക്കൂറിനുള്ളിൽ ഉള്ളതും ആയിരിക്കണം.

അൽ ഹൊസൻ ആപ്പ്

യുഎഇയില്‍ തിരിച്ചെത്തുന്നവർ നിർബന്ധമായും തങ്ങളുടെ മൊബൈൽ ഫോണുകളിൽ സൗജന്യ അൽ ഹൊസൻ ആപ്പ് (Al Hosn app) ഡൗൺലോഡ് ചെയ്തിരിക്കണം. പൊതുസുരക്ഷ മാനിച്ച് ക്വാറന്റീനിലിരിക്കുന്നവരുടെ ചലനങ്ങൾ അധികൃതർക്ക് മനസിലാക്കുന്നതിന് വേണ്ടിയാണ്.

കൂടുതൽ വിമാനങ്ങൾ ഓഗസ്റ്റ് മുതൽ

എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ, ഫ്ലൈ ദുബായ് തുടങ്ങിയ വിമാന കമ്പനികൾ ഒാഗസ്റ്റ് ഒന്നു മുതൽ 60 സർവീസ് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യാന്തര വിമാനങ്ങൾക്ക് പ്രവേശനം അനുവദിക്കുകയാണെങ്കിൽ ഇന്ത്യയിലേയ്ക്കും സർവീസുണ്ടാകുമെന്നാണ് അറിയുന്നത്. തിരിച്ചുവരുന്നതിന് മുൻപ് കോവിഡ് 19 നെഗറ്റീവ് സർടിഫിക്കറ്റ് അടക്കം യുഎഇയിലെ നിയമങ്ങളും നിബന്ധനകളും മനസിലാക്കണമെന്ന് അധികൃതർ ആവർത്തിച്ച് ഒാർമിപ്പിച്ചു. 70 വയസു കഴിഞ്ഞവർ യാത്ര ഒഴിവാക്കാനും നിർദേശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: