ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തം:​ 26 വര്‍ഷം പ്രത്യേക തടവുശിക്ഷ,​ പിഴ

അഞ്ചലില്‍ ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം. കൂടാതെ 26 വര്‍ഷം തടവുശിക്ഷയും, 320000 രൂപ പിഴയും അടയ്ക്കണം. സമാനതകളില്ലാത്ത കുറ്റ കൃത്യമാണ് നടന്നതെന്ന് കോടതി വിധി പ്രസ്താവനയില്‍ പറ‍ഞ്ഞു. കൊല്ലം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്.
പ്രതിയുടെ പ്രായം കണക്കിലെടുത്തുകൊണ്ട് മാത്രമാണ് വധ ശിക്ഷ ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവ് രാജേഷാണ് കേസിലെ പ്രതി. രാജേഷ് കുറ്റക്കാരനെന്നു കോടതി ഇന്നലെ വിധിച്ചിരുന്നു. 2017 സെപ്തംബര്‍ 27നാണു ഏഴുവയസുകാരി അതിദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ അമ്മുമ്മയുമായി ട്യൂഷന്‍ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ വഴിയില്‍ കാത്തുനിന്ന പ്രതി താന്‍ ട്യൂഷന്‍ സ്ഥലത്താക്കാമെന്ന് പറഞ്ഞ് അമ്മുമ്മയെ മടക്കി അയച്ചു.കുട്ടിയെ ബസില്‍ കയറ്റി ചെറുകരയിലെത്തിച്ച്‌ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. പെണ്‍കുട്ടി ട്യൂഷന് എത്തിയില്ലെന്നറിഞ്ഞ് രക്ഷിതാക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാജേഷിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച്‌ ഓഫായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ ആര്‍.പി.എല്‍ എസ്റ്റേറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തി. പരിസരത്ത് കറങ്ങിനടക്കുകയായിരുന്ന രാജേഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.ഡി.എന്‍.എ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയ സ്രവങ്ങളും പെണ്‍കുട്ടിയുടെ നഖത്തില്‍നിന്ന് കണ്ടെടുത്ത ചര്‍മ്മ കോശങ്ങളും പ്രതിയുടേതാണെന്നും സ്ഥിരീകരിച്ചു. പെണ്‍കുട്ടി കൊല്ലപ്പെട്ട ശേഷവും ലൈംഗിക പീഡനം നടത്തിയതായി വൈദ്യ പരിശോധനയില്‍ വ്യക്തമായിരുന്നു. പെണ്‍കുട്ടിയുമായി പ്രതി പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഏരൂരിലെ കച്ചവട സ്ഥാപനത്തിലെ സി.സി ടി.വി കാമറയില്‍ നിന്ന് ലഭിക്കുകയും ചെയ്തു. കൊലപാതകം, ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, തട്ടിക്കൊണ്ടുപോകല്‍, മൃതദേഹത്തോടുള്ള അനാദരവ് എന്നീ വകുപ്പുകള്‍ക്കു പുറമെ പോക്സോ പ്രകാരവുമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: