ജലപാത; പാനൂർ മറ്റൊരു കീഴാറ്റൂരാകുമോ?

0

പാനൂർ:കീഴാറ്റൂരിനു ശേഷം പാനൂരും സമരമുഖത്ത്.19ന് കീഴാറ്റൂർ സമരനായിക നമ്പ്രാടത്ത് ജാനകിയമ്മ കൃത്രിമ ജലപാതക്കെതിരെ നടക്കുന്ന

സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.കൃത്രിമ ജലപാത പ്രതിരോധസേന എന്ന പേരിലുളള ബിജേപി പിന്തുണയുളള സമര പരിപാടിയാണ് പാനൂർ ബസ്റ്റാൻഡിൽ 19ന് നടക്കുന്നത്.നിലവിൽ സംയുക്ത സമരസമിതി സമരരംഗത്തുണ്ടെങ്കിലും ഇതുവരെ രാഷ്ട്രീയ പാർട്ടികൾ സമരം ഏറ്റെടുത്തിരുന്നില്ല.കഴിഞ്ഞ ദിവസം പാനൂർ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ പ്രതിഷേധ മാർച്ച് നടത്തി ബിജെപി പ്രതിഷേധിച്ചിരുന്നു.ഇതോടെ സമരത്തിനു പിന്തുണയുമായി മറ്റ് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി.21ന് മന്ത്രി കെകെ.ശൈലജയുടെ പാനൂരിലെ ക്യാമ്പ് ഓഫീസിലേക്ക് യുഡിഎഫ് ബഹുജന മാർച്ചും തീരുമാനിച്ചിട്ടുണ്ട്.ലോക്താന്ത്രിക്ക് ജനതാദളും പദ്ധതിക്കെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തകരും കഴിഞ്ഞ ദിവസം പാനൂരിൽ പരിപാടി സംഘടിപ്പിച്ചിരുന്നു.സിആർ.നീലകണ്ഠൻ,ഭാസ്ക്കരൻ വെളളൂർ,പ്രൊഫസർ ശോഭീന്ദ്രൻ,തായാട്ട് ബാലൻ തുടങ്ങിയ പരിസ്ഥിതി പ്രവർത്തകരും സമരത്തിന് ഐക്യദാൻഢ്യവുമായി രംഗത്തെത്തി കഴിഞ്ഞു.എന്നാൽ സിപിഎം നിലപാട് വ്യക്തമാക്കാതെ ഭരണകൂടത്തിന് ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.ഇതോടെ പാനൂർ മേഖല കീഴാറ്റൂരിലെ വയൽകിളി സമരത്തിനു ശേഷം ഏറെ ശ്രദ്ധേയമാകുകയാണ്.നൂറോളം വീടുകളും,സ്ഥലങ്ങളും നശിപ്പിച്ച് പദ്ധതി വരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.കൊച്ചിയങ്ങാടി മുതൽ ചാടാലപുഴയിൽ അവസാനിക്കുന്ന പദ്ധതി പ്രദേശത്താണ് നിലവിൽ സമരം ആരംഭിച്ചിട്ടുളളത്.തലശേരി,ചാല ഭാഗങ്ങളിലും സമരത്തിനായി നാട്ടുകാർ സംഘടിച്ചിട്ടുണ്ട്.തന്റെ സ്വപ്ന പദ്ധതിയാണ് ഗ്രാമീണ ജലപാത പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു കഴിഞ്ഞു.അതുകൊണ്ടു തന്നെ പ്രാദേശിക ഘടകത്തിന്റെ എതിർപ്പുണ്ടെങ്കിലും,സിപിഎമ്മിനു പദ്ധതിയെ എതിർക്കാനും സാധിക്കില്ല.ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മറ്റി ജലപാതക്ക് അനുകൂലയായി പ്രമേയം പാസാക്കിയത് നിലവിൽ വിമർശനത്തിനു കാരണമായിട്ടുണ്ട്.

യൂത്ത്കോൺഗ്രസും,കൃത്രിമ ജലപാത പ്രതിരോധ സേനയും ഡിവൈഎഫ്ഐയുടെ പ്രമേയത്തിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.ആറു മാസത്തോളമായി സംയുക്ത സമരസമിതി സമരരംഗത്ത് നിലയുറപ്പിച്ചിട്ടെങ്കിലും ഭരണകൂടത്തിൽ ഒരു സ്വാധീനവും ഉണ്ടാക്കാൻ സാധിച്ചില്ലാ എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.പദ്ധതിപ്രദേശത്തെ ജനങ്ങൾ രൂപീകരിച്ച കമ്മറ്റിയിൽ മുഴുവൻ രാഷ്ട്രീയ പാർട്ടി നേതാക്കളുമുണ്ട്.എന്നാൽ ചില ഇടപ്പെടലുകൾ കാരണം സമരം ശക്തമാകുന്നില്ലെന്ന ആക്ഷേപമാണ് ചില കോണുകളിൽ നിന്നും ഉയരുന്നത്.വരും ദിവസങ്ങളിൽ കേരളം പാനൂരിലേക്ക് എന്ന മുദ്രാവാക്യവുമായി പോരാട്ടവേദിയാകാൻ മേഖല ഒരുങ്ങുകയാണ്. വിവിധ സംഘടനകൾ സമരം ഏറ്റെടുത്തതോടെ രാഷ്ട്രീയ സംഘർഷങ്ങളുടെ ഈറ്റിലമായ പാനൂരിൽ സംഘർഷമുണ്ടാകാനും സാധ്യതയുണ്ടെന്ന് സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ടുമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading