മൈസൂരിൽ നിന്നും ലഹരിമരുന്ന് കടത്തൽ; കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട്പേർ പിടിയിൽ

കണ്ണൂർ: കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇവർ മൈസൂരിൽ നിന്നും അഞ്ച് ചെക്ക് പോസ്റ്റുകൾ കടന്നാണ് ഇരിട്ടിയിലെത്തിയത്. എംഡിഎംഎയുമായി കടന്ന പ്രതികൾ കൂട്ടുപുഴ പാലത്തിൽ വെച്ചാണ് പോലീസ് പിടിയിലായത്.
മട്ടന്നൂർ നടുവനാട് സ്വദേശി അമൽ ശ്രീധരൻ, ഇരിട്ടി കല്ലുമുട്ടി സ്വദേശി ശരത് ദിനേശൻ എന്നിവരാണ് കൂട്ടുപുഴ പാലത്തിന് അരികിലുള്ള കല്ലുമുട്ടിയിൽ നിന്നും പിടിയിലായത്.
കർണാടകയിലെ രണ്ടും കേരളത്തിലെ മൂന്നും ചെക്ക് പോസ്റ്റുകൾ കടന്നാണ് സംഘം ഇരിട്ടിയിലെത്തിയത്. ഇവർ സഞ്ചരിച്ചിരുന്നു ആൾട്ടോ കാറും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. പ്രതികൾക്ക് മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധത്തെക്കുറിച്ചും മുൻപും സമാന കേസുകൾ ഇവർക്കെതിരെ നിലവിലുണ്ടോ എന്നതിനെ കുറിച്ചും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് വിൽപ്പന വ്യാപകമായതിനെ തുടർന്ന് കർണാടക അതിർത്തി പ്രദേശമായ കൂട്ടുപുഴയിൽ പോലീസ്, എക്‌സൈസ് സംഘം പരിശോധന കർശനമാക്കിയിരിക്കുകയാണ്. കർണാടകയിലെ പ്രധാന നഗരങ്ങളായ ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിൽ നിന്നും അതിർത്തി കടന്ന് കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്തുവെന്ന് വ്യക്തമായതിന്റെ പശ്ചാത്തലത്തിൽ കർണാടക എക്‌സൈസ് വകുപ്പും കൂട്ടുപുഴയിൽ ചെക്ക് പോസ്റ്റ് സംവിധാനം ശക്തമാക്കിയിട്ടുണ്ട്.