വായനാ മാസാചരണം ജില്ലാതല ഉദ്ഘാടനം ജൂൺ 21ന്

പിഎൻ പണിക്കരുടെ അനുസ്മരണാർഥം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന വായനാ മാസാചരണം ജില്ലാതല ഉദ്ഘാടനം ജൂൺ 21ന് രാവിലെ 10ന് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനാവും. പ്രശസ്ത കവി വീരാൻകുട്ടി മുഖ്യാതിഥിയാവും. കാരയിൽ സുകുമാരൻ പി എൻ പണിക്കർ അനുസ്മരണം നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരളം, പിഎൻ പണിക്കർ ഫൗണ്ടേഷൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ, വിദ്യാരംഗം കലാസാഹിത്യ വേദി, സാക്ഷരതാമിഷൻ എന്നിവയുമായി ചേർന്നാണ് വായനാ മാസചരണം സംഘടിപ്പിക്കുന്നത്.ജൂൺ 22ന് യു പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് കഥ, കവിതാ രചന മത്സരം നടത്തും. ജൂലൈ അഞ്ചിന് ബഷീർ ദിനത്തിൽ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി കുട്ടികളുടെ രചനാമത്സരം നടത്തും. ജില്ലാതല വിജയികളെ ജൂലൈ 10ന് പ്രഖ്യാപിക്കും.വിദ്യാലയത്തിലെ വായനക്കാരായ കുട്ടികൾക്ക് പുസ്തക പരിചയം, വായന അനുഭവങ്ങൾ പങ്കിടാനുള്ള വേദിയായി ജൂൺ 19 മുതൽ 10 വരെ വിദ്യാലയ വായനാസദസ്സുകൾ സംഘടിപ്പിക്കും. ഉപജില്ലാതലത്തിൽ വിദ്യാർത്ഥികൾ, അധ്യാപകർ, ഗ്രന്ഥശാല പ്രവർത്തകർ, പ്രാദേശിക എഴുത്തുകാർ എന്നിവരെ പങ്കെടുപ്പിച്ച് വായനക്കൂട്ടം സംഘടിപ്പിക്കും. ജില്ലാ ലൈബ്രറി കൗൺസിലിന്റെ സഹായത്തോടെ പഞ്ചായത്ത് തലത്തിലും വായനശാലകൾ കേന്ദ്രീകരിച്ചും വായനോത്സവം സംഘടിപ്പിക്കും. പിഎൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാതല ക്വിസ് മത്സരം നടത്തും.