സ്ത്രീകൾക്കായി ഒരിടം; പറശ്ശിനിക്കടവിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നു

വിവിധ ആവശ്യങ്ങൾക്കായി പറശ്ശിനിക്കടവിലെത്തുന്ന സ്ത്രീകൾക്ക് ഇനി സമാധാനമായി വിശ്രമിക്കാം. സുരക്ഷിത വിശ്രമ കേന്ദ്രം എന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഷീ ലോഡ്ജ് ഒരുക്കുകയാണ് ആന്തൂർ നഗരസഭ. പറശ്ശിനിക്കടവ് ബസ്സ്റ്റാൻഡിനോട് ചേർന്ന നഗരസഭയുടെ മൂന്ന് നില കെട്ടിടത്തിലാണ് ഷീ ലോഡ്ജ് ഒരുങ്ങുന്നത്. 4.20 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. ഒരേസമയം 100 പേരെ താമസിപ്പിക്കാൻ കഴിയുന്ന ഡോർമെറ്ററി, 40 ശുചിമുറികൾ, അറ്റാച്ച്ഡ് ബാത്ത് റൂമോട് കൂടിയ നാല് മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാനാകുന്ന ഓപ്പൺ ശുചിമുറികൾ എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക. സ്പോർട്സ് കൗൺസിലുമായി ചേർന്ന് ജിംനേഷ്യവും തയ്യാറാക്കുന്നുണ്ട്. 
24 മണിക്കൂറും ജീവനക്കാരുടെ സേവനം ലഭിക്കും. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. ചുരുങ്ങിയ തുക മാത്രം വാങ്ങിയാണ് സൗകര്യം ലഭ്യമാക്കുക. ജില്ലയിലെ പ്രധാന തീർത്ഥാടന ടൂറിസം കേന്ദ്രമായ പറശ്ശിനിക്കടവ്, ധർമ്മശാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ ഇടങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി എത്തുന്ന സ്ത്രീകൾക്ക് ഷീ ലോഡ്ജ് ആശ്വാസമാകും. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ലോഡ്ജ് ഉടൻ നാടിന് സമർപ്പിക്കുമെന്ന് ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: