വില്ലേജ് ഓഫീസറുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയ യുവാവിനെതിരെ കേസ്

ആദൂർ: റേഷൻ കാർഡിൽ ചേർത്ത വരുമാനം കുറച്ച് രേഖപ്പെടുത്താൻ ബന്ധുവിനോടൊപ്പം ഓഫീസിലെത്തിയ യുവാവ് വില്ലേജ് ഓഫീസറുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്ന പരാതിയിൽ ആദൂർ പോലീസ് കേസെടുത്തു. ആദൂർ പള്ളപ്പാടി സ്വദേശിയും എറണാകുളം നെടുമ്പാശേരിയിൽ ടാക്സി ഡ്രൈവറുമായ മുഹമ്മദ് അഷറഫിൻ്റെ (42) പേരിലാണ് പോലീസ് കേസെടുത്തത്.ഇന്നലെ രാവിലെ 11.15 ഓടെ അഡൂർ വില്ലേജ് ഓഫീസിൽ ബന്ധുവായ സ്ത്രീക്കൊപ്പം അവരുടെ റേഷൻ കാർഡുമായി എത്തിയ ഇയാൾ ആനുകൂല്യത്തിനായി റേഷൻ കാർഡിൽ ചേർത്ത വരുമാനം കുറച്ച് രേഖപ്പെടുത്താൻ ആവശ്യപ്പെട്ട് തർക്കത്തിലേർപ്പെടുകയും ഓഫീസിലെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഉച്ചക്ക് 2.45 വരെവില്ലേജ് ഓഫീസറുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന അഡൂർ വില്ലേജ് ഓഫീസർ ബിന്ദുവിൻ്റെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.സംഭവത്തിന് ശേഷം ഇയാൾ എറണാകുളത്തേക്ക് പോയി.