മലയാളി ബൈക്ക് റേസിങ് താരത്തിന്റെ കൊലപാതകം: ഭാര്യയും അറസ്റ്റിൽ, പിടിയിലായത് ബെംഗളൂരുവിൽ

ന്യൂമാഹി: ബൈക്ക് റേസിങ് താരം ന്യൂമാഹി മങ്ങാട് വേലായുധൻമൊട്ട താരോത്ത് കക്കറന്റവിട അഷ്ബാഖിനെ (36) കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിലായി. ബെംഗളൂരു ആർ.ടി.നഗറിലെ സുമേറ പർവേസാണ് അറസ്റ്റിലായത്. സഞ്ജയ് നഗറിൽനിന്ന് രാജസ്ഥാൻ പോലീസാണ് സുമേറയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ പ്രതിയായ അഷ്ബാഖിന്റെ മാനേജർ അബ്ദുൾസാദിറിനെ പിടികിട്ടാനുണ്ട്. കേസിൽ രണ്ടുപേരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റേസിങ് ടീമിലെ അംഗങ്ങൾ കർണാടക സ്വദേശികളായ സഞ്ജയ്, വിശ്വാസ് എന്നിവരാണ് നേരത്തേ പിടിയിലായത്.
സുമേറ പർവേസും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയത്. 2018 ഓഗസ്റ്റ് 16-ന് രാജസ്ഥാനിലെ ജെയ്സാൽമേറിൽ റേസിങ് പരിശീലനത്തിനിടെ അഷ്ബാഖിനെ മരിച്ച നിലയിൽ കണ്ടത്.
ഭാര്യ സുമേറ, സാബിഖ്, കർണാടകക്കാരായ സഞ്ജയ്, വിശ്വാസ്, നീരജ്, സന്തോഷ് എന്നിവർക്കൊപ്പമാണ് അഷ്ബാഖ് ജയ്സാൽമേറിലെത്തിയത്. ദുബായ് ഇസ്ലാമിക് ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു അഷ്ബാഖ്. അവിടെനിന്നാണ് കുടുംബസമേതം ബെംഗളൂരുവിലെത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കാതെ രാജസ്ഥാനിൽതന്നെ അതിവേഗം കബറടക്കുകയായിരുന്നു. അഷ്ബാഖിന്റെ സഹോദരൻ ടി.കെ.അർഷാദും മാതാവ് സുബൈദയും മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. മരണത്തിനുപിന്നാലെ അഷ്ബാഖിന്റെ അക്കൗണ്ടിൽനിന്ന് 68 ലക്ഷം രൂപ പിൻവലിച്ചതും സംശയത്തിനിടയാക്കി .
ബെംഗളൂരുവിൽ വ്യാപാരിയായ സഹോദരനും മാതാവും മൂന്നുവർഷമായി നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.