നിർമാണം പൂർത്തിയായി ഒരുമാസത്തിനിടെ റോഡ് തകർന്നു

ശ്രീകണ്ഠപുരം: ടാറിങ് പൂർത്തിയായി ഒരുമാസമാകും മുന്നേ തകർന്ന് മലപ്പട്ടം-കണിയാർവയൽ റോഡ്. മലപ്പട്ടത്തിന് സമീപം തലക്കോട് ഭാഗത്താണ് ടാറിങ് തകർന്നത്. റോഡിൽ 10 മീറ്ററോളം ഭാഗം വീണ്ടുകീറിയ നിലയിലാണ്. നിലവിൽ റോഡിന്റെ ഒരുഭാഗം വഴിമാത്രമേ ഗതാഗതം സാധ്യമാകുകയുള്ളൂ. അശാസ്ത്രീയമായി റോഡ് നിർമിച്ചതിനാലാണ് പണി പൂർത്തിയായി ഒരുമാസത്തിനുള്ളിൽ തകർന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞദിവസം രാത്രിയുണ്ടായ മഴയിലാണ് റോഡ് വീണ്ടുകീറിയത്.

2018-ലാണ് മലപ്പട്ടം-കണിയാർവയൽ റോഡ് നിർമാണം തുടങ്ങിയത്. പണി ഇഴഞ്ഞുനീങ്ങിയതിനാൽ പൊതുമരാമത്ത് വകുപ്പ് തളിപ്പറമ്പ് ഡിവിഷനു കീഴിലുള്ള മലപ്പട്ടം-കണിയാർവയൽ റോഡ് നിർമാണം കിഫ്ബി നേരത്തേ യെല്ലോലിസ്റ്റിൽ പെടുത്തിയിരുന്നു. കിഫ്ബിയുടെ രണ്ടാമത്തെ പരിശോധനയിലാണ് നടപടിയെടുത്തത്. 12.95 കിലോമീറ്റർ വരുന്ന മലപ്പട്ടം-കണിയാർവയൽ റോഡ് 2018 ഒക്ടോബർ 17-ന് തുടങ്ങി 2020 ഒക്ടോബർ 16-ന് പൂർത്തിയാക്കേണ്ടതായിരുന്നു.

28.86 കോടി ചെലവിൽ വീതികൂട്ടി വളവും കയറ്റവും കുറച്ച് കലുങ്കും ഓടയും നടപ്പാതയും നിർമിച്ച് മെക്കാഡം ടാറിങ് നടത്തുന്നതാണ് പദ്ധതി. റോഡ് പണി മന്ദഗതിയിലാണെന്നും നടത്തിപ്പിൽ വ്യാപക ക്രമക്കേടുണ്ടെന്നും പറഞ്ഞ് നാട്ടുകാർ തുടക്കത്തിൽ കളക്ടർക്കുൾപ്പെടെ പരാതിയും നൽകിയിരുന്നു. തുടർന്ന് പരിശോധന നടത്തി പോരായ്മ കണ്ടെത്തിയതിനാൽ കൃത്യമായി പണി നടത്താൻ നിർദേശവും നൽകി. എന്നാൽ ടാറിങ് കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ റോഡ് തകർന്നതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: