സ്കൂളുകള്‍ തുറക്കില്ല; ലോക്ക് ഡൗണ്‍ നീട്ടി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. കണ്ടെയ്മെന്റ് സോണുകളിലൊഴികെ അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും സംസ്ഥാനത്തിനകത്തെ ബസ് സര്‍വീസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കരുതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

പുതുക്കിയ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം രാജ്യാന്തര-ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ക്കും മേയ് 31 വരെ വിലക്കുണ്ട്. ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല.

ആരാധനാലയങ്ങള്‍, റസ്റ്റാറന്റുകള്‍, തയേറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, പാര്‍ക്കുകള്‍, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും.സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും സ്‌റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാന്‍ അനുമതി നല്‍കും, ഇവിടെ നിരീക്ഷണം ഉറപ്പാക്കും. അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ ഉപാധിയോടെ ഉണ്ടാവും. രാത്രിയാത്രക്കും കടുത്ത നിയന്ത്രണം ഉണ്ട്.

കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 24നാണ് രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ ലോക്ക്ഡൗണ്‍. ഇതു പിന്നീട് മേയ് മൂന്ന് വരെയും അതിനു ശേഷം 17 വരെയും നീട്ടുകയായിരുന്നു.

നാലാം ഘട്ട ലോക്ഡൗണ്‍ നേരത്തേയുള്ളതില്‍നിന്ന് ഏറെ വ്യത്യസ്തമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതിനു പിന്നാലെയാണ് ലോക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടിയത്. 90,927 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 2,872 ആയി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: